Jul 30, 2025

പുതുജീവിതം തളിർക്കുന്ന ദുരന്തഭൂമി


ഉരുൾപൊട്ടി വയനാടിന്റെ ജീവനും ജീവിതവും കവർന്ന ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും പുതുജീവിതത്തിന്റെ നാമ്പുകൾ വിടർന്ന്‌ തളിർക്കുകയാണ്‌. കേരളം ഇതുവരെ ദർശിച്ചിട്ടില്ലാത്ത ദുരന്തത്തിനാണ്‌ കഴിഞ്ഞ വർഷം ജൂലൈ 29ന്‌ അർധരാത്രിയോടെ ചൂരൽമല സാക്ഷിയായത്‌. ജീവിതാവാസകേന്ദ്രമാകെ ഉരുൾപൊട്ടിത്തകർന്ന സംഭവത്തെക്കുറിച്ചുള്ള ഓർമകൾപോലും വയനാടിനല്ല മനുഷ്യസമൂഹത്തിനാകെ താങ്ങാനാകാത്തതാണ്‌."
ഉരുൾപൊട്ടിയൊലിച്ചുപോയ ദുരന്തത്തിന്‌ ഒന്നല്ല എത്രവർഷം പിന്നിട്ടാലും ഉറ്റവരുടെ മനസ്സിൽ ദുഃഖത്തിന്റെ നെരിപ്പോട്‌ അടങ്ങില്ല. കണ്ണേ മടങ്ങുക..എന്നായിരം ആവൃത്തി പറയാനാകുംവിധമുള്ള നാശനഷ്‌ടം, ഒരുഗ്രാമമാകെ കുത്തിയൊലിച്ച്‌ നശിച്ച, എല്ലാം തകർന്ന ദുരന്തം നാമിന്നേവരെ അനുഭവിച്ചിട്ടില്ലാത്തതായിരുന്നു. എന്നാൽ, സമാനതകളില്ലാത്ത ആ ദുരന്തത്തിനു മുന്നിൽ മലയാളി പകച്ചുനിന്നില്ല എന്നുള്ളതാണ്‌ ഒരുവർഷത്തിനിപ്പുറം അവിടെനിന്നു കേൾക്കുന്ന വാർത്തകളും ചിത്രങ്ങളും വ്യക്തമാക്കുന്നത്‌. ഉറ്റവരും ഉടയവരും നഷ്‌ടമായവരുടെ കണ്ണീരിന്‌ പകരംനൽകാൻ മറ്റൊന്നിനുമാകില്ലെങ്കിലും സങ്കടങ്ങളിൽനിന്ന്‌ അവരെ ആശ്വാസതീരത്തേക്ക്‌ പുനരാനയിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്‌. ദുരന്ത വാർഷികവേളയിൽ കണ്ണീർ മാറി ചെറുചിരി വിടരുന്നതിലേക്ക്‌ ചൂരൽമല നിവാസികൾ മാറിയിരിക്കുന്നു. പുതിയ വീടും ജീവിതാവാസ സൗകര്യങ്ങളുമായി ടൗൺഷിപ് നിർമാണം മുന്നേറുമ്പോൾ വീണ്ടും അതിജീവനത്തിന്റെ ഗാഥ.

‘ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിൻ കൊടിപ്പടം താഴ്‌ത്താൻ’
എന്ന കവിവാക്യം യാഥാർഥ്യമാകുന്നത്‌ നാം അനുഭവിക്കയാണ്‌. പ്രകൃതിയും സാമൂഹ്യസാഹചര്യങ്ങളും വെല്ലുവിളിച്ചിട്ടും മറ്റുപലവിധ
പ്രതിബന്ധങ്ങൾ സൃഷ്‌ടിച്ചിട്ടും തകർന്നടിഞ്ഞവരുടെ സ്വപ്‌നങ്ങൾക്ക്‌ അനുസൃതമായി പുതിയ വയനാട്‌ ഉയരുകയാണ്‌. സ്വപ്‌നങ്ങൾ മണ്ണടിഞ്ഞ ഒരു ജനതയ്‌ക്കൊപ്പം ഇച്ഛാശക്തിയുള്ള സർക്കാർ നിന്നതിന്റെ സാക്ഷ്യങ്ങളാണ്‌ പണി പൂർത്തിയാകുന്ന ടൗൺഷിപ്പുകൾ. ദുരന്തത്തിൽ സഹായവും കരുതലുമായി ഓടിയെത്തിയ എൽഡിഎഫ്‌ സർക്കാർ, തടസ്സങ്ങൾ മറികടന്ന്‌ ജീവിതം പുനർനിർമിക്കാമെന്നത്‌ പ്രാവർത്തികമാക്കുകയാണ്‌. 298 പ്രാണനുകൾ കടപുഴക്കിയ ദുരന്തമായിരുന്നു വയനാട്ടിലുണ്ടായത്‌. പ്രകൃതി കലിവർഷമാടിയ നാളുകളിൽ മനുഷ്യരും നാൽക്കാലികളും വീടും റോഡും സ്‌കൂളും കടകളുമടക്കം ഗ്രാമമാകെ കുത്തിയൊലിച്ചു. എല്ലാം നഷ്‌ടമായ പാവങ്ങൾക്കായി 410 വീടുകളാണ്‌ സർക്കാർ പണിതുനൽകുന്നത്‌.

കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ്‌ അതിമനോഹരവും സൗകര്യപ്രദവുമായ അതിജീവനകേന്ദ്രങ്ങൾ ഉയരുന്നത്‌. അതിലെ ആദ്യമാതൃകാ വീടിന്‌ ഇനി മിനുക്കുപണിയേ ബാക്കിയുള്ളു. അഞ്ചുസോണിലായാണ്‌ സർക്കാർ നേരിട്ട്‌ വീട്‌ പണിയുന്നത്‌. ആയിരം ചതുരശ്ര അടിയിൽ രണ്ട്‌ കിടപ്പുമുറി, ശുചിമുറി, സിറ്റൗട്ട്‌, ഡൈനിങ്‌, ലിവിങ്‌, പഠനമുറി, അടുക്കള, വർക്ക്‌ ഏരിയ എന്നിവയെല്ലാമായി ഒരു കുഞ്ഞുകുടുംബത്തിനുള്ള ആധുനികസൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ടിവിടെ. ആരോഗ്യകേന്ദ്രം, അങ്കണവാടി, അങ്ങാടി, കമ്യൂണിറ്റി സെന്റർ, ലൈബ്രറി, മൾട്ടി പർപ്പസ്‌ സെന്റർ എന്നിവയെല്ലാം ഉൾപ്പെട്ട ടൗൺഷിപ്പിന്റെ നിർമാണം പ്രകൃതിയോടിണങ്ങിയാണ്‌.

ഉരുൾപൊട്ടി ഏഴ്‌മാസത്തിനകം ഭൂമി ഏറ്റെടുത്ത്‌ നിർമാണത്തിനുള്ള നിയമപരവും മറ്റുമുള്ള തടസ്സങ്ങൾ എല്ലാം നീക്കിയുള്ള സർക്കാരിന്റെ ഇടപെടൽ എല്ലാവരും അംഗീകരിക്കുന്നു. ഉരുൾപൊട്ടിയ ഉടൻ സർക്കാർ സംവിധാനങ്ങൾ ചൂരൽമലയിൽ എത്തിയിരുന്നു. യുദ്ധസമാന സാഹചര്യത്തിലുള്ള രക്ഷാപ്രവർത്തനം
സംസ്ഥാന സർക്കാർ ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന ഭരണമൊന്നാകെ ദുരന്തബാധിതരുടെ കണ്ണീരൊപ്പാനെത്തി. മന്ത്രിമാരായ ഒ ആർ കേളു, കെ രാജൻ, പി എ മുഹമ്മദ്‌ റിയാസ്‌, എ കെ ശശീന്ദ്രൻ എന്നിവർ ഒരുമാസം ക്യാമ്പുചെയ്‌ത്‌ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി. കേരളം ഞെട്ടിവിറച്ച ഈ ദുരന്തത്തിൽ എല്ലാവിഭാഗം ജനങ്ങളും താങ്ങും തണലുമായി. മലയാളിയുടെ മാനവികസ്‌നേഹത്തിന്റെയും നന്മയുടെയും മഹിമ വറ്റിയില്ലെന്ന്‌ തെളിയിക്കുംവിധം സഹായങ്ങൾ ഒഴുകി. ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും വന്നു. കുഞ്ഞുങ്ങൾക്കൊപ്പം വർണചിത്രമെടുത്ത മോദി വാഗ്‌ദാനങ്ങൾ നൽകി മടങ്ങി.

പുനരധിവാസ പദ്ധതികൾക്കുള്ള സഹായം, തനിച്ചായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ്, തൊഴിൽ നഷ്ടപ്പെട്ടവർക്ക് വരുമാനത്തിന് പദ്ധതി തുടങ്ങിയ വിവിധ ആവശ്യങ്ങൾ കേരളം ഉന്നയിച്ചിരുന്നു. ദുരന്തമുഖത്തും മലയാളികളെ സഹായിക്കാൻ തയ്യാറാകാത്ത കേന്ദ്രസമീപനത്തിൽ തളരാതെയും തകരാതെയും വയനാടിനെ പുനർനിർമിക്കാൻ എൽഡിഎഫ്‌ സർക്കാരിന്‌ സാധിക്കുന്നു എന്നതാണ്‌ പ്രതീക്ഷാഭരിതമായ കാഴ്‌ച. ദുരന്തബാധിതർക്ക്‌ പ്രതിമാസ സഹായവും പാർപ്പിടവുമൊരുക്കി. വീട്ടുപകരണമടക്കം നൽകി ഓരോ മനുഷ്യരേയും ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാൻ സർക്കാർ പ്രതിബദ്ധത കാട്ടി. വാടക വീടുകളിലും ബന്ധു വീട്ടകളിലും താമസിക്കുന്നവർക്ക് 6000 രൂപ വീതം മുടങ്ങാതെ കൊടുത്തു.

ആരൊക്കെ കൂടെയുണ്ടായാലും ഇല്ലെങ്കിലും ദുരിതവും ദുരന്തവും അനുഭവിക്കുന്ന പൗരസമൂഹത്തോട്‌ ഭരണാധികാരികളും സംവിധാനവും മനുഷ്യ സ്‌നേഹത്തോടെ കരുതലും കനിവും കാട്ടി എങ്ങനെ ഇടപെടണമെന്നതിന്‌ നാളെ ലോകം വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ മാതൃകയാക്കും. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിസ്ഥിതിയെ ചേർത്തുനിർത്തുന്ന
ജീവിതസംസ്‌കാര പാഠങ്ങൾകൂടി ഉരുക്കഴിച്ചാണ്‌ വയനാടിന്റെ അതിജീവനം സാധ്യമാകുന്നത്‌ എന്നത്‌ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതാണ്‌. ഇനി വരുന്നൊരു തലമുറയ്‌ക്കായി കാത്തുവയ്‌ക്കേണ്ടതാണീ ഭൂമി എന്ന്‌ എല്ലാവരേയും പേർത്തും പേർത്തും ഓർമിപ്പിച്ച്‌ പരിസ്ഥിതിസൗഹൃദമായ ജീവിതസംസ്‌കാരത്തിനുകൂടി പ്രചാരം നൽകിയാണ്‌ സർക്കാർ വയനാട്ടിൽ അതിജീവനമൊരുക്കുന്നത്. ഇതിലുള്ള ആഹ്ലാദം പ്രകടിപ്പിക്കുമ്പോൾ തന്നെ വയനാടിന്റെ പേരിൽ അരങ്ങേറിയ അപമാനകരമായ ചില പ്രവർത്തനങ്ങളും സൂചിപ്പിക്കാതിരിക്കാനാകില്ല. വീട്‌ പണിയാൻ നാട്ടുകാരിൽനിന്ന്‌ കോടികൾ സമാഹരിച്ച്‌ വെട്ടിച്ച ചില രാഷ്‌ട്രീയ പാർടികളും സംഘടനകളും എന്തൊരു ദുരന്തമാണെന്ന്‌ മാത്രമേ ഇപ്പോൾ പറയുന്നുള്ളു. പ്രകൃതിക്ഷോഭംപോലും അഴിമതിക്കുള്ള അവസരമാക്കുന്ന ഇത്തരം രാഷ്‌ട്രീയദുരന്തങ്ങളെ ഈ വേളയിൽ നമുക്ക്‌ ഒറ്റപ്പെടുത്താനാകണം."

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only