കോടഞ്ചേരി: വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ്. യൂണിറ്റ് വിദ്യാർത്ഥികൾ പുലിക്കയം കയാക്കിംഗ് സെന്ററിൽ അധ്യയന സന്ദർശനം നടത്തി.
ബഹു. തിരുവമ്പാടി എം.എൽ.എ. ശ്രീ. ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്ത ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവലിലേയ്ക്കാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഏറെ ആവേശത്തോടെ എത്തിച്ചേർന്നത്. കേരള ടൂറിസം വകുപ്പ്, അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡി.റ്റി.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പ്രസ്തുത പരിപാടി മലബാർ മേഖലയിലെ ടൂറിസം പ്രവർത്തനങ്ങളെ ഉണർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
ചാലിപ്പുഴയിലെ കയാക്കിംഗ് മത്സരങ്ങൾ വിദ്യാർത്ഥികൾ തത്സമയം ആസ്വദിക്കുകയും കയാക്കിംഗ് എന്ന സാഹസിക കായിക മേഖലയെക്കുറിച്ച് അടുത്തറിയുകയും ചെയ്തു. വിനോദത്തോടൊപ്പം അറിവും നൽകിയ സന്ദർശനം തങ്ങളുടെ കാഴ്ചപ്പാടുകൾ വികസിപ്പിച്ചുവെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ. എന്നിവർ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി.
Post a Comment