മലബാർ റിവർ ഫെസ്റ്റിവൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി കോസ്മോസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് വൻ വിജയമായി. ബ്രസൂക്ക ടർഫിൽ വച്ച് തിരുവമ്പാടി കോസ്മോസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
ട്രൈബൽ വിഭാഗത്തിൽപ്പെട്ട യുവ താരങ്ങളെ തിരഞ്ഞെടുത്തത് പരിശീലനം നൽകി അവരെ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ കോസ്മോസ് ക്ലബ്ബ് ടീം ഈ ടൂർണ്ണമെൻ്റിന്റെ പ്രധാന ആകർഷണീയതയായി മാറി. പ്രാഥമിക ഘട്ടം വിജയകരമായി പൂർത്തിയാക്കിയ ഈ ടീമിന് സെമി ഫൈനലിൽ ദൗർഭാഗ്യവശാൽ സംഭവിച്ച സെൽഫ് ഗോളിൽ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.
12 ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമായത്. മൂന്ന് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി പ്രാഥമിക റൗണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചു. നാല് ഗ്രൂപ്പിൽ നിന്നും ഓരോ ജേതാക്കൾ വീതം പങ്കെടുത്ത സെമിഫൈനലിലും തുടർന്ന് നടന്ന ഫൈനലിലും ജേതാക്കളായ റോക്ക് ബ്രദേഴ്സ് പാമ്പിഴഞ്ഞപാറ ടൂർണ്ണമെൻ്റ് ജേതാക്കളായി. മോണിംഗ് എഫ് സി തിരുവമ്പാടി റണ്ണർ അപ്പ് സ്ഥാനവും നേടി. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമാകുന്ന പഞ്ചായത്തുകളിൽ നിന്നുള്ള കളിക്കാരാണ് വിവിധ ടീമുകളിലായി മത്സരിച്ചത്.
രാവിലെ നടന്ന ഉത്ഘാടനച്ചടങ്ങിന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദലി, അപ്പു കോട്ടയിൽ, മലബാർ റിവർ ഫെസ്റ്റിവൽ സംഘാടക സമിതി ഭാരവാഹികളായ പോൾസൺ അറക്കൽ, ശരത് സി. എസ്, കോസ്മോസ് ക്ലബ്ബ് ഭാരവാഹികളായ റിയാസ് മറിയപ്പുറം, നിയാസ് പുള്ളിയിൽ, ബഷീർ ചെമ്പോട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത് മെമ്പറും ടൂർണമെൻ്റ് കമ്മിറ്റി കൺവീനറുമായ ഷൗക്കത്തലി കൊല്ലളത്ത് കൃതജ്ഞത രേഖപ്പെടുത്തി.
Post a Comment