തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഫെയറിൽ മറ്റ് പ്രമുഖ റീട്ടെയിൽ ചെയിനുകളോട് കിടപിടിക്കുന്ന ബ്രാൻഡഡ് എഫ്എംസിജി ഉല്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും നല്കുന്നുണ്ട്.
സെപ്തംബർ നാല് വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാല് വരെ ഒരു പ്രധാന ഔട്ട് ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം സഞ്ചരിക്കുന്ന ഓണച്ചന്തകൾ മുഖേന മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ കൂടാതെ സബ്സിഡി ഉല്പന്നങ്ങളും ലഭിക്കും.
ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങളാണ് സംഭരിച്ചത്. ഓണക്കാലത്ത് നിലവിൽ നല്കിവരുന്ന എട്ട് കിലോ സബ്സിഡി അരിയ്ക്കു പുറമെ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കിൽ നല്കുന്ന മുളകിന്റെ അളവ് അരക്കിലോയിൽ നിന്നും ഒരു കിലോയായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Post a Comment