Aug 29, 2025

വയനാട് ബദൽ പാത: സൗജന്യമായി ഭൂമി നൽകിയിട്ട് 32 വർഷം; ഇന്ന് പാതയുമില്ല, ഭൂമിയുമില്ല




പൂഴിത്തോട് : താമരശ്ശേരി ചുരത്തിൽ ലോറിയുടെ ടയറൊന്ന് പൊട്ടിയാൽ നാലും അഞ്ചും മണിക്കൂറുകൾ വിജനമായ കാനന പതയിൽ കുടുങ്ങി നരകിച്ച് വീട് പിടിക്കേണ്ട വയനാട്ടുകാരുടെ കാലങ്ങളായുള്ള നിസ്സഹായാവസ്ഥയുടെ ഏറ്റവും ഗതികെട്ട അവസ്ഥയ്ക്കാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി വയനാട് സാക്ഷിയായത്. മഴയൊന്ന് ചാറിയാൽ കാഴ്‌ചയുടെ വിസ്‌മയങ്ങൾ സമ്മാനിക്കുന്ന താമരശ്ശേരി ചുരം ഇന്ന് ജനങ്ങളുടെ ശാപവാക്കും സങ്കടവും കണ്ണീരും കൊണ്ട് നിറയുമ്പോൾ ഇനിയെത്രനാൾ അധികാരികൾക്ക് കണ്ടില്ലെന്ന നടിക്കാനാവുമെന്നാണ് ജനങ്ങൾ ഉയർത്തുന്ന പ്രധാന ചോദ്യം.
ഇവിടെ ഒരിക്കൽ കൂടെ ബദൽ പാതയെന്ന ചർച്ചയും സജീവമാവുകയുമാണ്.


വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുമ്പോഴൊക്കെ സ്ഥല ലഭ്യതയുടെ വലിയ തടസ്സമാണ് നമുക്ക് എപ്പോഴും മുന്നോട്ട് വെക്കാനുള്ളതെങ്കിലും ബദൽ പാത സ്വ‌പ്നം കണ്ട് സൗജന്യമായി ഭൂമി നൽകിയിട്ട് പോലും പാത വരാത്ത കഥയാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാതയുമായി ബന്ധപ്പെട്ടവർക്ക് ഇന്നും പറയാനുള്ളത്. ഒരിക്കൽ ഫലഭൂയിഷ്ടമായിരുന്ന കൃഷി ഭൂമി ഒരു രൂപ പോലും നഷ്ടപരിഹാരം വാങ്ങാതെ വിട്ടുകൊടുത്തുവർ വർഷങ്ങൾക്കിപ്പുറം ഒന്നുകിൽ പാത അല്ലെങ്കിൽ ഭൂമി എന്ന ആവശ്യം ഉന്നയിച്ച് സമരങ്ങൾക്കും തുടക്കം കുറിക്കാനൊരുങ്ങുകയാണ്.

സർക്കാരിന്റെ അഭിമാന പദ്ധതിയാവുമെന്ന് പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം ആഗസ്ത് 31-ാം തീയതി നടക്കാനിരിക്കെ മുപ്പതാം തീയതി സമരത്തിനൊരുങ്ങുകയാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിനായി സ്ഥലം വിട്ടുകൊടുത്തവർ. ഇതിനായി കർമസമിതിയും രൂപവത്കരിച്ച് കഴിഞ്ഞു. പ്രതിഷേധങ്ങൾ ഉയരുമ്പോഴെല്ലാം പേരിനൊരു സർവേ നടത്തി അധികൃതർ മഞ്ഞുരുക്കലിന് ശ്രമം നടത്തുമെങ്കിലും ചർച്ചകളുടെ ചൂട് നിലയ്ക്കുന്നതോടെ റോഡ് എന്ന യാഥാർത്ഥ്യം ഇപ്പോഴും വിലങ്ങു തടിയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only