Aug 10, 2025

മണ്ണിൻ്റെ മഹത്വം മനസ്സിലാക്കി ടൂറിസ സംരംഭകത്വ ട്രെയിനീസിൻ്റെ ഫാം യാത്ര

 


തിരുവമ്പാടി :

റൂറൽ സ്‌കിൽ എംപ്ലോയ്മെൻ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കാനറ ബാങ്കുമായി സഹകരിച്ച് നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായി സംഘാംഗങ്ങൾ തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. 


ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നഗര പ്രദേശങ്ങളിൽ നിന്നുമുള്ള യുവ സംരംഭകരും, ഉദ്യോഗാർഥികളും, ടൂറിസം ബിരുദ ധാരികളുമുൾപ്പെടുന്ന സംഘാംഗങ്ങൾക്ക് കാർഷിക മേഖലയും കർഷക ജീവിതവും ഏറെ ഹൃദയസ്പർശിയും ചിന്തോദ്ദീപകവും ആയി മാറി. 


കാർഷിക മേഖലയെക്കുറിച്ചുള്ള തങ്ങളുടെ മുൻധാരണകൾ പലതും തിരുത്തിയെഴുതാൻ ഈ സന്ദർശനം കാരണമായെന്ന് ഭൂരിഭാഗം 

പേരും അഭിപ്രായപ്പെട്ടു. 


കൃഷിയിടങ്ങൾക്കും കാർഷിക ഉൽപന്നങ്ങൾക്കും  ഉപരി, അതിൽ ഉൾച്ചേർന്നിരിക്കുന്ന മനുഷ്യരും അവരിലെ ആത്മാർപ്പണ മനോഭാവവും സാഹോദര്യ മനസ്ഥിതിയുമാണ് ഫാം ടൂറിസം എന്ന ആശയത്തെ ഉദാത്തമായ അനുഭവമായി വളർത്തുന്നതെന്ന്  സ്കിൽ ട്രെയിനറും, സിറ്റി ഹെറിറ്റേജ് ഡയറക്ടറുമായ മുഹമ്മദ് ഷിഹാദ് പ്രസ്താവിച്ചു. 


ഒരു ദശാബ്ദക്കാലം കോഴിക്കോട് ടൂറിസ്റ്റ് ട്രാൻസ്പോർട്ട് മേഖലയിൽ സംരംഭകനായിരുന്നിട്ടും ഫാം ടൂറിസത്തെ കുറിച്ചുള്ള അജ്ഞത അമ്പരപ്പിക്കുന്നതാണെന്നും, ഈ പരിശീലന യാത്ര വലിയ ഉൾക്കാഴ്ചകൾ നൽകുന്നുണ്ടെന്നും സ്മാർട് ടാക്സി ഉടമ  കൂടിയായ റിയാസ് പെരുമണ്ണ പങ്കുവെച്ചു. 


ഇരവഴിഞ്ഞി ഫാം ടൂറിസം പ്രസിഡൻ്റ് അജു എമ്മാനുവൽ നായകത്വം നൽകിയ ഒരു പകൽ മുഴുവൻ നീണ്ടുനിന്ന പരിശീലന യാത്രയിൽ ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ ഫാം സ്റ്റേ, ജോസ് പുരയിടത്തിലിന്റെ പുരയിടത്തിൽ ഗോട്ട് ഫാം, തറക്കുന്നേൽ അഗ്രോ ഗാർഡൻ, ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ അഗ്രി ഫാം, ദേവസ്യ മുളക്കലിന്റെ ഗ്രീൻ ഗാർഡൻ വില്ലാസ്, ബീന അജുവിൻ്റെ താലോലം പ്രൊഡക്ടസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഇരുപത്തിയേഴ് അംഗ സംഘത്തിന് ട്രെയിനർമാരായ മുഹമ്മദ് ഷിഹാദ്, നിധീഷ് കുമാർ, ലീഡർമാരായ ബിനോയ്, ദീപ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only