Aug 29, 2025

താമരശ്ശേരി ചുരത്തിലൂടെ മള്‍ട്ടിആക്‌സില്‍ അല്ലാത്ത വാഹനങ്ങള്‍ കടത്തിവിടും


മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

 പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു. 

വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിനില്‍ക്കുന്നില്ല. എന്നാല്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ല കളക്ടര്‍ പറഞ്ഞു. റോഡിനു മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എഞ്ചിനിയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു. 

ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഇവിടെ വാഹനം നിര്‍ത്തി സമയം ചിലവിടുന്നത് നിരോധിക്കും. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയില്‍ ആകുന്നതുവരെ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് ചുരത്തില്‍ വിന്യസിക്കും. സ്ഥലത്ത് ആവശ്യമായ വെളിച്ചത്തിനുള്ള ക്രമീകരണങ്ങള്‍ തുടരുമെന്നും യോഗം തീരുമാനിച്ചു.  
 
റൂറല്‍ എസ് കെ ഇ ബൈജു, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ രേഖ, ജിയോളജിസ്റ്റ് ഡോ. മഞ്ജു മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only