മുക്കം:മുക്കം മണാശ്ശേരി ജംഗ്ഷനിൽ ഇപ്പോൾ ഒട്ടുമിക്ക സമയങ്ങളിലെല്ലാം വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. KMCT യുടെ വിവിധ ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ ഇവിടം പ്രവർത്തിക്കുന്നതിനാൽ മിക്ക സമയത്തും തിരക്കാണ്. ചില സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക് ഇവിടം ഉണ്ടാവാറുണ്ട്. ആ സമയത്താണ് വലിയൊരു പരിഹാരമായി ഒരു അച്ഛനും മകനും ഈ കുരുക്കഴിക്കാനായി ഇവിടെയെത്തുന്നത്._
_വിമുക്ത ഭടൻ കൂടിയായ മണാശ്ശേരി നെറ്റിലമ്പുറത്ത് ഷനോദ്, മകനും എന്റെ മുക്കം വൈസ് പ്രസിഡണ്ടും സന്നദ്ധസേന കോർഡിനേറ്ററും കൂടിയായിട്ടുള്ള അഷിലുമാണ് ഈ പുണ്യപ്രവർത്തിക്കായി എന്നും രാവിലെ എത്തുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ വലിയ തിരക്കുണ്ടാകും. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസർ ആയ അഷിൽ സമയം കണ്ടെത്തി ഓടിയെത്തും ഒപ്പം അച്ഛനും. ജോലിക്കും പരീക്ഷക്കും ആശുപത്രിയിലേക്കുമൊക്കെയായി നിരവധി പേർ തിരക്ക് പിടിച്ച് പോകുന്നവർക്ക് വലിയൊരു ആശ്വാസമാണ് ഈ അച്ഛനും മകനും. കഴിഞ്ഞ മൂന്ന് വർഷങ്ങളായി അഷിൽ ഈ പ്രവൃത്തിയുടെ ഭാഗമായുണ്ട്. എന്റെമുക്കം സന്നദ്ധസേന എന്ന സന്നദ്ധസംഘടനയുടെ കോർഡിനേറ്റർ ആയ അഷിൽ നല്ലൊരു ആനിമൽ റെസ്ക്യൂവർ കൂടിയാണ്. മനുഷ്യനാണെങ്കിലും മറ്റേത് ജീവിയാണെങ്കിലും പ്രയാസപ്പെടുന്നിടത്ത് ഏത് സമയത്തും ഓടിയെത്തും അഷിൽ. അഷിലിന്റെ പ്രവർത്തനങ്ങൾക്ക് കുടുംബം വലിയ പിന്തുണയാണ് നൽകുന്നത്. ഇരുപത് വർഷത്തോളം രാജ്യത്തിനു കാവലൊരുക്കിയ അച്ഛൻ ഷനോദ് പറ്റുന്ന അത്രയും കാലം ഈ പുണ്യ പ്രവർത്തിയുടെ ഭാഗമാവുമെന്ന് എന്റെ മുക്കം ന്യൂസിനോട് പറഞ്ഞു. നാട്ടുകാരിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും വിമർശനങ്ങൾക്ക് ഒട്ടും കുറവില്ല എന്ന് അഷിൽ പറയുന്നു. ഇല്ലാത്ത സമയം ഉണ്ടാക്കി വാഹനങ്ങളെ പെട്ടന്ന് പറഞ്ഞയക്കാനുള്ള ഈ ഉദ്യമത്തെ ചില കണ്ണുകൾ അസൂയയോടെയും വിമർശനത്തോടെയും കാണുന്നുവെങ്കിലും ചെയ്യുന്ന നന്മ ഇനിയും തുടരുമെന്ന തീരുമാനത്തിൽ തന്നെയാണ് ഈ അച്ഛനും മകനും.
🖊️ *അഷ്‌കർ സർക്കാർ*
Post a Comment