Aug 12, 2025

‌‍ഖത്തറിൽ വിശാലമായ അൽ-വലീദ പള്ളി തുറന്നു; ഭിന്നശേഷിക്കാർക്ക് പ്രത്യേക പാർക്കിങ് ഉൾപ്പെടെ


ദോഹ: ഖത്തറിലെ വാദി അൽ സൈലിൽ 765 വിശ്യാസികൾക്ക് ഒരേ സമയം ആരാധന നിർവഹിക്കാൻ സാധിക്കുന്ന വലിയ പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം (Awqaf). 3,075 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിശാലമായ സ്ഥലത്ത് 765 പുരുഷ-വനിതാ ആരാധകർക്ക് പ്രാർത്ഥനാ സൗകര്യമുള്ള അൽ-വലീദ സരിയ ഷെയ്ഖ് അഹ്മദ് അൽ കുവാരി പള്ളിയാണ് നാടിന് സമർപ്പിച്ചത്.


നാസർ ബിൻ ജബർ ബിൻ സുൽത്താൻ ബിൻ തവാർ അൽ കുവാരിയുടെ ദാനത്തിലൂടെയാണ് ഈ പള്ളി സ്ഥാപിതമായത്. ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി, നഗര-ജനസംഖ്യാ വളർച്ചയ്ക്ക് അനുയോജ്യമായി രാജ്യത്തുടനീളം പള്ളികളെ വികസിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിത്.


പള്ളിയിൽ 620 ആരാധകർക്ക് പ്രാർത്ഥന നടത്താൻ കഴിയുന്ന പ്രധാന ഹാൾ, 145 വനിതകൾക്കുള്ള പ്രത്യേക ഹാൾ, വിശാലമായ വുദു (ശുദ്ധീകരണ) മുറി, ധാരാളം പൊതു പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിങ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശന-നിർഗമന മാർഗങ്ങൾ ശ്രദ്ധാപൂർവം ക്രമീകരിച്ചിട്ടുണ്ട്. പള്ളിക്ക് മുകളിൽ ഉയരമുള്ള ഒരു മിനാരവും സ്ഥാപിച്ചിട്ടുണ്ട്.


അവ്ഖാഫിന്റെ (Awqaf) എഞ്ചിനീയറിങ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്, രാജ്യവ്യാപകമായി പള്ളികളുടെയും പ്രാർത്ഥനാ മുറികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും, താൽക്കാലിക പള്ളികൾ സജ്ജീകരിക്കുന്നതിനും അവയുടെ പരിപാലനം ഉറപ്പാക്കുന്നതിനും ചുമതലപ്പെട്ടിരിക്കുന്നു.


പള്ളികളുടെയും ഇമാമിന്റെ വസതികളുടെയും അറ്റകുറ്റപ്പണികൾക്കായി വാർഷിക പദ്ധതികൾ തയാറാക്കുക, നിർമാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, നിർമാണത്തിലിരിക്കുന്ന പദ്ധതികൾ മേൽനോട്ടം വഹിക്കുക, വഖ്ഫിന്റെ ഉടമസ്ഥതയിലുള്ള ഇമാമിന്റെ വസതികളുടെ രൂപകല്പന, സാങ്കേതിക-എഞ്ചിനീയറിങ് സവിശേഷതകൾ നടപ്പാക്കൽ എന്നിവ കൈകാര്യം ചെയ്യുക, പള്ളികളെക്കുറിച്ചും പ്രാർത്ഥനാ മുറികളെക്കുറിച്ചും അവയുടെ ഓപ്പറേറ്റർമാരെക്കുറിച്ചും ഒരു ഡാറ്റാബേസ് തയാറാക്കുക എന്നിവയും ഈ വകുപ്പിന്റെ ചുമതലകളിൽ ഉൾപ്പെടുന്നുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only