Sep 9, 2025

പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ നേടി, സിപി രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാ മത് ഉപരാഷ്ട്രപതി




ന്യൂഡൽഹി: രാജ്യത്തിൻ്റെ 15-ാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്‌ണൻ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സരിച്ച സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. സദർശൻ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. ജഗ്ദീപ് ധൻകറിൻ്റെ അപ്രതീക്ഷിത രാജിയാണ് പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
ആർഎസ്എസിലൂടെ വളർന്നുവന്ന വ്യക്തിയാണ് ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി.പി.
രാധാകൃഷ്ണൻ. 2003 മുതൽ 2006 വരെ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു.

കോയമ്പത്തൂരിൽനിന്ന് മുൻപ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 ഫെബ്രുവരി 18 മുതൽ 2024 ജൂലായ് 30 വരെ ജാർഖണ്ഡിൻ്റെ ഗവർണറായും സേവനമനുഷ്ഠിച്ചു. പിന്നീട് കുറഞ്ഞ ദിവസങ്ങളിൽ തെലങ്കാന ഗവർണറും പുതുച്ചേരിയുടെ ലഫ്റ്റനന്റ്റ് ഗവർണറുമായി സേവനം ചെയ്‌തു. 1957 ഒക്ടോബർ 20-ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ജനനം.
പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളിൽ (എഫ്-101) ആണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടന്നത്. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ.പി. നദ്ദ, കിരൺ റിജിജു തുടങ്ങിയ മുതിർന്ന നേതാക്കളും വോട്ട് ചെയ്തു. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി വാദ്ര എന്നിവരും വോട്ട് ചെയ്തു.

കണക്കുകൾ പ്രകാരം, തുടക്കത്തിൽ തന്നെ 427 എംപിമാരുടെ പിന്തുണയോടെ രാധാകൃഷ്ണന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. ലോക്സഭയിൽ അദ്ദേഹത്തിന് 293 വോട്ടുകളും രാജ്യസഭയിൽ 134 എംപിമാരുടെ പിന്തുണയും ലഭിക്കുമെന്നാണ് എൻഡിഎ കണക്കുകൂട്ടിയിരുന്നത്.

ബിജു ജനതാദളിൽ (ബിജെഡി) നിന്ന് ഏഴ് പേരും, ഭാരത് രാഷ്ട്ര സമിതിയിൽ (ബിആർഎസ്) നിന്ന് നാല് പേരും, ശിരോമണി അകാലിദളിൽ (എസ്എഡി) നിന്ന് ഒരാളും, ഒരു സ്വതന്ത്ര എംപിയും ഉൾപ്പെടെ ആകെ 13 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only