കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവർച്ച നടന്നത്. ഏകദേശം 8 കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്. അഞ്ചംഗ സംഘമാണ് ബാങ്കിൽ അതിക്രമിച്ചുകയറി കവർച്ച നടത്തിയത്. ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. മഹാരാഷ്ട്രയിൽ നിന്നുള്ള കവർച്ചാ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് കൊള്ളയടിച്ച ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. സോലാപൂരിൽ കാറും സ്വർണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാർ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടത്. ആടുകളുമായി കൂട്ടിയിടിച്ചതിനെക്കുറിച്ച് ഗ്രാമവാസികൾ അവരെ ചോദ്യം ചെയ്തപ്പോൾ, കാറിലുണ്ടായിരുന്ന കൊള്ളക്കാരിൽ ഒരാൾ പിസ്റ്റൾ കാട്ടി ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെട്ടതായി ആണ് റിപ്പോർട്ട്.
നേരത്തെയും വിജയപുരയിൽ സമാനമായ ബാങ്ക് കൊള്ളകൾ നടന്നിട്ടുണ്ട്. ആ കേസുകളിലും ഉത്തരേന്ത്യൻ സംഘങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ഇതും അതേ രീതിയിലുള്ള കവർച്ചയാണെന്നാണ് പൊലീസ് കരുതുന്നത്
എസ്‌ബിഐ ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഉപഭോക്താക്കളിൽ ഈ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പണവും സ്വർണ്ണവും മോഷണം പോയ വാർത്ത പരന്നതോടെ, ഇന്ന് വൈകുന്നേരം വരെ എസ്‌ബിഐ ബാങ്കിന് മുന്നിൽ ഉപഭോക്താക്കൾ തടിച്ചുകൂടി. ആളുകളെ പിരിച്ചുവിടാൻ പോലീസിന് പാടുപെടേണ്ടിവന്നു.
Post a Comment