Sep 19, 2025

മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ ഹെൽപ് ഡസ്ക് കർഷകരെ വിഡ്ഢികളാക്കുന്നു എന്ന് ആം ആദ്മി പാർട്ടി


കൂടരഞ്ഞി : തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണം എന്ന പേരിൽ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കുന്നത് മലയോര കർഷകരെ വീണ്ടും വിഡ്ഢികളാക്കുന്ന നീക്കമാണെന്ന് ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. 

കാട്ടു പന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്തു പ്രസിഡണ്ടിന് അധികാരം ലഭിച്ചതിനു ശേഷം ഇതുവരെ കൂടരഞ്ഞി പഞ്ചായത്തിൽ പതിമൂന്ന് കാട്ടുപന്നികളെ മാത്രമാണ് വെടിവച്ചു കൊന്നതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 

കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തിൽ പുലി, കടുവ, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം കൃഷിയിടങ്ങളിൽ മാത്രമല്ല ജന ജീവിതത്തെയും സരമായി ബാധിക്കുന്നതു മൂലം പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ ജനം ഭയപ്പെടുകയാണ്. 

കാട്ടുപന്നികളെ വെടിവച്ചു കൊന്നതിന്റെ പ്രതിഫലമായി ഏഴായിരം രൂപ മാത്രമാണ് പഞ്ചായത്ത് നൽകിയിട്ടുള്ളത്. എംപാനൽ ഷൂട്ടർമാർക്ക് മതിയായ പ്രതിഫലം നൽകാത്തതും കാട്ടുപന്നി ശല്യം രൂക്ഷമാകാൻ കാരണമായി എന്ന് യോഗം വിലയിരുത്തി. 

പന്നികളോട് കാണിക്കുന്ന കരുതൽ കർഷകരോട് കാണിച്ചിരുന്നുവെങ്കിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തരം നാടകത്തിന്റെ ആവശ്യം ഉണ്ടാവില്ലായിരുന്നുവെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും ഭരണകൂടം ഇത്തരം നാടകങ്ങൾ നിർത്തി ജനോപകാരപ്രദമായ രീതിയിൽ കാര്യങ്ങൾ നടത്തണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. 

ജോബി പുളിമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മനു പൈബിളിൽ, ജോസ് മുള്ളനാനിയിൽ, ബാബു ഐക്കര, ജോയി കളത്തിപറമ്പിൽ, ഫ്രാൻസിസ് പുന്നകുന്നേൽ, ബൈജു വരിക്കാനി, ജോഷി തുളുവനാനിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only