ന്യൂഡൽഹി: കേന്ദ്രസർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിന് ഭാഗിക സ്റ്റേ നൽകി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകൾക്കാണ് സുപ്രീംകോടതി സ്റ്റേ നൽകിയത്. അന്വേഷണം നടക്കുന്ന വേളയിൽ ഭൂമി വഖഫ് അല്ലാതെയായി മാറും എന്നുള്ളതടക്കമുള്ള വ്യവസ്ഥകൾ കോടതി സ്റ്റേ ചെയ്തു. ഹർജിക്കാർ ഉന്നയിച്ച പല കാര്യങ്ങളോടും സുപ്രീംകോടതി യോജിച്ചു.
വഖഫ് നൽകണമെങ്കിൽ അഞ്ചു വർഷം മുസ്ലിം ആയിരിക്കണം എന്ന വ്യവസ്ഥ സ്റ്റേ ചെയ്തു. മതവിശ്വാസിയാണോ എന്ന് കണ്ടെത്താനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വകുപ്പ് ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുന്നതിലേക്ക് നയിക്കുമെന്ന് നിരീക്ഷിച്ചാണ് സ്റ്റേ. സ്വത്തു തർക്കത്തിൽ അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർ അധികാരമില്ല. കളക്ടറുടെ അധികാരങ്ങൾ സ്റ്റേ ചെയ്തു.
രാജ്യത്തെ മുസ്ലീം ചാരിറ്റബിൾ സ്വത്തുവകകൾ കൈകാര്യം ചെയ്യുന്ന രീതിയിൽ 44 മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് ബില്ല്. കഴിഞ്ഞ വർഷം ആഗസ്തിൽ സഭയിൽ കരട് രേഖ അവതരിപ്പിച്ചു. ഭേദഗതി പ്രകാരം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും ജില്ലാ മജിസ്ട്രേറ്റുമാരെയും ചില പ്രത്യേക തസ്തികകളിൽ നിയമിക്കും. വഖഫ് ട്രൈബ്യൂണലുകളിലെ അംഗങ്ങളെ രണ്ടിൽ നിന്ന് മൂന്നായി ഉയർത്തും. വഖഫ് സ്വത്തുവകകളുടെ ക്രയവിക്രയം, വഖഫ് കൗൺസിലിന്റെയും ബോർഡിന്റെയും അധികാരം, ചുമതല എന്നിവയെല്ലാം മാറ്റി എഴുതുന്നതാണ് ബില്ല്.
വഖഫ് രൂപീകരിക്കാൻ അഞ്ചു വർഷം മുസ്ലിമാകണം, ആദിവാസി മേഖലയിലെ വഖഫ് രൂപീകരണത്തിനുള്ള വിലക്ക്, അമുസ്ലിങ്ങൾക്ക് വഖഫുണ്ടാക്കാനുള്ള വിലക്ക് തുടങ്ങിയ ന്യവസ്ഥകൾ നിയമത്തിലുണ്ടായിരുന്നു. ദേശീയ കൗൺസിലിൽ നാലിൽ കുടുതൽ അമുസ്ലീങ്ങൾ പാടില്ലെന്നും നിർദ്ദേശിച്ചു. സംസ്ഥാന വഖഫ് ബോർഡിൽ പരമാവധി മൂന്നു അമുസ്ലിങ്ങളും കേന്ദ്രബോഡിൽ നാലു അമുസ്ലിങ്ങളും മാത്രമേ പാടുള്ളൂ. സിഇഒ മുസ്ലിം ആയിരിക്കണം.
140ഓളം ഹർജികളാണ് വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ വന്നിട്ടുള്ളത്. ഇതിൽ അഞ്ച് ഹർജികളിലാണ് സുപ്രീംകോടതി വിശദമായ വാദം കേൾക്കുന്നത്.
Post a Comment