Oct 16, 2025

ഹിന്ദി നിരോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും


ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിരോധിക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍ എന്നിവയ്ക്ക് തമിഴ്നാട്ടില്‍ നിരോധനമേര്‍പ്പെടുത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമവിദഗ്ധര്‍ ഉള്‍പ്പെടെയുളളവരുടെ അടിയന്തര യോഗം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാത്രി വിളിച്ച് ചേര്‍ത്തിരുന്നു. അതേസമയം, പുതിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ഞങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കലിന് എതിരാണെന്നും മുതിര്‍ന്ന ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പ്രതികരിച്ചു. തമിഴരുടെ മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും അവരുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ബില്ലുമായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. ‘ത്രിഭാഷാ നയത്തിന്റെ പേരില്‍ ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുളള ബിജെപിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിര്‍ക്കും. ബിജെപി തമിഴ്നാടിനെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. തമിഴിനേയും തമിഴ്നാട്ടുകാരെയും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ഹിന്ദി ഭാഷാ നിരോധന ബില്ലുമായി ഡിഎംകെ സര്‍ക്കാര്‍ രംഗത്തുവരുന്നത്. ത്രിഭാഷാ നയം അടക്കമുളള നീക്കങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ശക്തമായ പ്രതിരോധം ഉയര്‍ത്തുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ നിരവധി പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്. അതേസമയം, കരൂര്‍ അന്വേഷണം, ആംസ്ട്രോംങ് വിഷയം എന്നിവയില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഭാഷാ വിവാദമുയര്‍ത്തി ശ്രദ്ധ തിരിച്ചുവിടാനുളള ശ്രമമാണ് ഡിഎംകെ നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only