Oct 19, 2025

കൂടരഞ്ഞിയില്‍ കിണറ്റില്‍ അകപ്പെട്ട പുലിയെ പിടികൂടി; പുലി ആരോഗ്യവാനെന്ന് വനംവകുപ്പ്


കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പിടികൂടി പുറത്തെത്തിച്ചു. കിണറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങുകയായിരുന്നു. പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുന്നതിലടക്കം തീരുമാനം എടുക്കും. പുലി പൂര്‍ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു.
കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്‍മറ ഇല്ലാത്ത പൊട്ടക്കിണറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു പുലി കുടുങ്ങിയത്. ഏത് ജീവിയാണ് കിണറ്റിലുള്ളതെന്ന് ആദ്യം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വീഡിയോ ക്യാമറയും വനം വകുപ്പിന്റെ രാത്രിക്കാഴ്ചയുള്ള സ്റ്റില്‍ ക്യാമറയും പ്രത്യേകമായി സജ്ജീകരിച്ച് കിണറ്റില്‍ ഇറക്കുകയായിരുന്നു. ഇരയായി ഒരു കോഴിയേയും വെച്ചിരുന്നു. പുറത്തെത്തി ജീവി കോഴിയെ പിടിച്ചുകൊണ്ടുപോകുന്നത് ക്യാമറയില്‍ പതിഞ്ഞതോടെ കുടുങ്ങിയത് പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്നാണ് പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചത്. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കൂട് കിണറ്റിലേക്ക് ഇറക്കി കെണിയൊരുക്കുകയായിരുന്നു. ഇതിലാണ് പുലി കുടുങ്ങിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only