കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, തിരുവമ്പാടി, ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകൾ എന്നിവർ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സഹകരണത്തോടെ ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആശ്വിനം കാർഷിക മേളയിൽ സംസ്ഥാന, ദേശീയ അവാർഡ് ജേതാക്കളായ കോഴിക്കോട് ജില്ലയിലെ കർഷകരുടെ മഹാ സംഗമം സംഘടിപ്പിച്ചു. പൊതു വേദിയിൽ വെച്ച് ഈ കർഷക രത്നങ്ങളെ ആദരിക്കുകയും ചെയ്തു.
ഫാം ടൂറിസ ഫെസ്റ്റ് ഉത്ഘാടന ചടങ്ങും ലോക ഭക്ഷ്യ ദിനം പ്രമാണിച്ചുള്ള കാർഷിക സെമിനാറുകളും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി.പി. ജമീലയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉത്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷൻ ടിം.എം. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷഹന എസ്.പി., സലീന സിദ്ധിഖ് അലി, ഓമശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗംഗാധരൻ പി.കെ, സീനത്ത് തട്ടാഞ്ചേരി, കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയ മോഹൻ എന്നിവർ സംസാരിച്ചു.
'തെങ്ങ് കൃഷി അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ സിപിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോക്ടർ തമ്പാൻ, കേരള കാർഷിക സർവ്വകലാശാല റിട്ടയേർഡ് പ്രൊഫസർ ഡോ കെ. എം. ശ്രീകുമാർ എന്നിവർ ക്ലാസ്സുകൾ എടുക്കുകയും കർഷകരുടെ സംശയങ്ങൾക്ക് വിശദമായ മറുപടികൾ നൽകുകയും ചെയ്തു. വിളകൾക്കായി നിർദ്ദേശിക്കപ്പെടുന്ന രാസഘടകങ്ങൾ ശരിയായ അളവിൽ ഉപയോഗിച്ചാൽ ആരോഗ്യദായകമായും അളവിൽ അശാസ്ത്രീയ വർദ്ധനവ് വരുത്തുമ്പോൾ വിഷമായും മാറ്റുന്നതിനെക്കുറിച്ച് ഡോ കെ. എം. ശ്രീകുമാർ ഉദാഹരണ സഹിതം വിശദീകരിച്ചു.
വിദ്യാർത്ഥികൾക്കായി പെയിൻ്റിംഗ് മത്സരവും വെജിറ്റബിൾ കാർവിംഗ് മത്സരവും സംഘടിപ്പിച്ചു.
ഫാം ടൂറിസത്തെ പരിചയപ്പെടുത്തുന്ന സ്റ്റാളിന് പുറമേ പഴയകാല കാർഷിക ഉപകരണങ്ങൾ, തേൻ/അനുബന്ധ ഉത്പന്നങ്ങൾ സ്റ്റാൾ, കൂൺ, ഡ്രിപ്പ് ഇറിഗേഷൻ, അഗ്രോ സർവ്വീസ് സെൻ്റർ, മൺപാത്ര നിർമ്മാണം എന്നിവയുടെ സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഫാം ടൂറിസ പദ്ധതി അംഗമായ ജിജോ ഷാജിയുടെ വളർത്ത് പാമ്പുകളും മത്സ്യങ്ങളും ഉരഗങ്ങളും പക്ഷികളും അടക്കമുള്ള പെറ്റ് ആനിമൽ സ്റ്റാൾ പ്രത്യേക ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നു.
മാപ്പിള പാട്ടുകളും നാടൻപാട്ടുകളും സിനിമാഗാനങ്ങളും ഇഴചേർന്ന പുന്നമരക്കൂട്ടം മ്യൂസിക് ബാൻഡിൻ്റെ ഗാന സന്ധ്യ ആശ്വിനം മേളയുടെ മാറ്റു കൂട്ടുന്നതായി.

Post a Comment