കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ ഇലക്ഷൻ ക്ലർക്ക് അജീഷിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കൊടുവള്ളി മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നഗരസഭയിലെ ഇലക്ഷൻ നടപടിക്രമങ്ങളിൽ സൂപ്രണ്ടിന്റെ അവിഹിതമായ ഇടപെടൽ സംബന്ധിച്ചും ജീവനക്കാരെ സമ്മർദപ്പെടുത്തുന്നത് സംബന്ധിച്ചും പരാതികൾ നിലനിൽക്കുകയാണ്.നേരത്തെയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ നിർബന്ധിതമായി ചുമതലയിൽനിന്ന് സ്വയം ഒഴിഞ്ഞുമാറിയതും നിലവിലെ ഇലക്ഷൻ ക്ലർക്ക് നീണ്ട അവധിയിൽ പ്രവേശിച്ചതും സമ്മർദങ്ങളുംടെ ഭാഗമാണ്.
അജീഷ് മരണപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ ഇലക്ഷൻ ലോഗിൻ പാസ് വേർഡ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി വാങ്ങി പുറത്തുനൽകിയിട്ടുണ്ട്. ഇതും അന്വേഷണ പരിധിയിൽ കൊണ്ടു വരണം -നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്ത സമ്മേളനത്തിൽ മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി കെ.കെ.എ. കാദർ, മുനിസിപ്പൽ പ്രസിഡന്റ് വി.കെ. അബ്ദു ഹാജി, ജനറൽ സെക്രട്ടറി അലി മാനിപുരം, ട്രഷറർ ടി.പി. നാസർ,ഭാരവാഹികളായ ഷംസു കളത്തിങ്ങൽ, യൂസുഫ് വനിത എന്നിവർ സംബന്ധിച്ചു.
Post a Comment