കോടഞ്ചേരി : ഫാം ടൂറിസം സന്ദർശക സംഘങ്ങളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിൽ ഒന്നായി കൃഷി വകുപ്പിൻ്റെ സഹായത്തോടെ കോടഞ്ചേരി പഞ്ചായത്തിലെ തുഷാര ഹണി ഫാർമേഴ്സ് സൊസൈറ്റി കണ്ണോത്ത് ആരംഭിച്ചിരിക്കുന്ന തേൻ സംസ്കരണ കേന്ദ്രം മാറിയിരിക്കുന്നു. കാഫ്റ്റ് ഫാം ടൂറിസം പദ്ധതിയുടെ ഭാഗവുമാണ് തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്.
കണ്ണൂർ കണ്ണപുരത്ത് നിന്ന് കൃഷി ഓഫീസർ പ്രസന്നൻ യു, ആത്മ ഉദ്യോഗസ്ഥരായ ജിൻഷ പി.കെ, ആഷ്‌ലി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വന്ന കർഷക പരിശീലന സംഘത്തിന് തുഷാര സൊസൈറ്റി പ്രസിഡൻറ് ജോൺ താഴത്തുവീട്ടിൽ, സെക്രട്ടറി തോമസ് പെരുമാട്ടിക്കുന്നേൽ എന്നിവർ ചേർന്ന് തേൻ സംസ്കരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി.
തുടർന്ന് ആനക്കാംപൊയിൽ ഡൊമിനിക് മണ്ണുക്കുശുമ്പിൽ, പുല്ലൂരാംപാറ സാബു തറക്കുന്നേൽ, പുന്നക്കൽ ബീന അജുവിൻ്റെ താലോലം പ്രൊഡക്ടസ്, തിരുവമ്പാടി ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ ഫാം സ്റ്റേ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം തിരുവമ്പാടി അഗ്രോ സർവ്വീസ് സെൻ്ററും സന്ദർശിച്ച് വിവിധയിനം വിത്തുകളും തൈകളും വാങ്ങുകയും ചെയ്തു.
കാഴ്ചക്ക് ഇമ്പമാർന്ന കൃഷിയിടങ്ങളുടെ മനോഹാരിതയിലും ലഭിച്ച നവീന കാർഷിക അറിവുകളിലും ഏറെ രുചികരമായ ഭക്ഷണത്തിലും ഉള്ളു നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തിയാണ് സംഘം തിരികെ പോയത്.
Post a Comment