ഏതെല്ലാം വിധത്തിലുള്ള എതിർപ്പുകൾ ഉണ്ടെങ്കിലും ഒരു വ്യവസായ സ്ഥാപനത്തെ അഗ്നിക്കിരയാക്കി നശിപ്പിക്കുന്ന നടപടി അപലപനീയമാണെന്ന് കേരള കോൺഗ്രസ് (സ്കറിയ തോമസ്) ജില്ലാ പ്രസിഡൻ്റ് അജു എമ്മാനുവൽ പ്രസ്താവിച്ചു.
കോഴിക്കോട് ജില്ലയെ മാലിന്യ വിമുക്തമായി പരിരക്ഷിക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാൻ്റ് ജില്ലയിൽ അത്യാവശ്യമായ ഒരു പ്രസ്ഥാനമാണ്. അതിൻ്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവയെ നിയമപരമായ മാർഗ്ഗത്തിൽ പരിഹരിച്ച് മുന്നോട്ട് നീങ്ങുകയാണ് വേണ്ടത് എന്നും പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം നശിപ്പിക്കുവാനുള്ള വിവിധ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണോ ഈ അക്രമ സംഭവങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അറിയിച്ചു. പൊതു ജനങ്ങളെ മറയാക്കി നിറുത്തി ഒളിവിലിരുന്നു പ്രവർത്തിക്കുന്ന ചില ക്ഷുദ്ര ശക്തികളാണ് ഈ അതിക്രമങ്ങൾക്ക് പുറകിൽ എന്നാണ് പോലീസ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്തരം ദേശവിരുദ്ധ ശക്തികളെ വെളിച്ചത്ത് കൊണ്ടുവരണം.
ആയിരത്തി എണ്ണൂറോളം ഏക്കർ എസ്റ്റേറ്റിന് ഉള്ളിൽ, ജനവാസ മേഖലയിൽ നിന്നും അര കിലോമീറ്ററോളം ആകാശദൂരത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഉന്നത നിലവാരമുള്ള സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിർദ്ദേശപ്രകാരം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ആവശ്യപ്രകാരവും മലിനീകരണ നിയന്ത്രണ നിയമപ്രകാരവും, ഫ്രീസർ സംവിധാനമുള്ള വാഹനങ്ങളിലാണ് മാലിന്യം ശേഖരിച്ച് പ്ലാന്റിലേക്ക് കൊണ്ടുവരുന്നത്. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന ഭരണകൂടം കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടുള്ളതാണ്. ഇനിയും കൂടുതൽ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ ആവശ്യമെങ്കിൽ ശാസ്ത്രീയ മാർഗങ്ങളിലൂടെ അവ കണ്ടെത്തി, തെളിയിച്ച് , നിയമ വഴിയിലൂടെ അവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.
അതോടൊപ്പം ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ സ്ഥല സൗകര്യം ലഭ്യമാകുന്നതനുസരിച്ച് കൂടുതൽ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിച്ച് താമരശ്ശേരിയിലെ പ്ലാൻ്റിന്റെ സംസ്കരണ ഭാരം കുറയ്ക്കാനുള്ള നടപടികളും ഉണ്ടാകേണ്ടതാണ്.

Post a Comment