കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ശിശുദിനവും പ്രതിഭാസംഗമവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ് മെമ്പർ സൂസൻ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത ഗാനരചയിതാവും കാഥികനുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ രമേഷ് കാവിൽ കുട്ടികൾക്കായി തന്റെ സ്വന്തം കഥകളും കവിതകളും അവതരിപ്പിച്ചു. കഥകളുടെ സുതാര്യതയും കവിതകളുടെ മൃദുതാളവും കുട്ടികളെ മറക്കാനാവാത്ത അനുഭവങ്ങളിലേയ്ക്ക് നയിച്ചു.
പരിപാടിയുടെ ഭാഗമായി, കോഴിക്കോട് റവന്യൂ ജില്ല വിജയികൾക്കും താമരശ്ശേരി ഉപജില്ല വിജയികൾക്കും, കൂടാതെ സ്കൂൾ തലത്തിൽ വിവിധ കലാ-കായിക-ശാസ്ത്ര മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കും ഉളള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ വേദിയെ വർണ്ണാഭമാക്കി. പ്രത്യേകിച്ച് ‘ചാച്ചാജി’ വേഷമിട്ട കുട്ടികളുടെ അവതരണം സദസ്സിന്റെ കൈയടി ഏറ്റുവാങ്ങി.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിന് സ്കൂൾ ലീഡർ അഗസ്റ്റിൻ ഫ്രാൻസിസ് ആശംസയും അധ്യാപക പ്രതിനിധി ലിനറ്റ് ജോസഫ് നന്ദിയും പറഞ്ഞു.മധുരപലാഹരവിതരണത്തോടെ ചടങ്ങ് സമാപിച്ചു.
Post a Comment