കോഴിക്കോട് ∙ ക്വാറി, ക്രഷർ ഉടമകളും സർക്കാരും തമ്മിലുള്ള ശീതസമരം കാരണം സംസ്ഥാനത്തെ നിർമാണ മേഖല പ്രതിസന്ധിയിലേക്ക്. ക്വാറികൾ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിൽ ക്രമേണ ക്വാറികൾ പൂട്ടി ഉടമകൾ മറ്റു മേഖലകളിലേക്കു പോകുകയാണ്. സംസ്ഥാനത്ത് ക്വാറി – ക്രഷർ പ്രവർത്തനം നിലച്ചതോടെ തമിഴ്നാട്ടിലും കർണാടകയിലും നിന്ന് ഉയർന്ന വിലയ്ക്കു കരിങ്കല്ലും ക്രഷർ ഉൽപന്നങ്ങളും സംസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. ഇരു സംസ്ഥാനങ്ങളിൽ നിന്നു കഴിഞ്ഞയാഴ്ചയിൽ മാത്രം 1500 – 2000 ലോഡ് ഉൽപന്നങ്ങളാണ് എത്തിയത്. പാക്ക് ചെയ്ത ക്രഷർ ഉൽപന്നങ്ങളും കരിങ്കല്ലും ട്രെയ്‌ലർ ലോറികളിലാണ് എത്തിച്ചത്.
ക്വാറി - ക്രഷർ സ്തംഭനം കാരണം വിവിധ നിർമാണ പ്രവൃത്തികളും ലൈഫ് വീട് നിർമാണവും നിലച്ചു. മാർച്ചിൽ പൂർത്തീകരിക്കേണ്ട പൊതുമരാമത്ത് പ്രവൃത്തികളെല്ലാം പാതിവഴിയിലാണ്. ജില്ലയിൽ റോഡുകളുടെ നിർമാണവും പ്രതിസന്ധിയിലായേക്കും. ക്വാറികളിൽ നിന്നു വർഷങ്ങൾക്കു മുൻപ് പൊട്ടിച്ച കരിങ്കല്ലിന്റെ റോയൽറ്റി കണക്കാക്കി ഓരോ ക്വാറി ഉടമയും 2 കോടി രൂപ മുതൽ 6 കോടിയിലേറെ രൂപ കുടിശിക നൽകണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നതെന്ന് ഉടമകൾ പറയുന്നു. അശാസ്ത്രീയമായാണു ക്വാറികൾ അളന്നതെന്നും പഴയ കാലത്തെ റോയൽറ്റിക്കു പകരം പുതിയ നിരക്കാണ് കണക്കാക്കിയതെന്നും ഉടമകൾ പറഞ്ഞു.
Post a Comment