Nov 12, 2025

മാരകായുധങ്ങൾ ശേഖരിച്ചു, ചെയർമാൻ ക്രിമിനൽ, നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു': ഫ്രഷ് കട്ട് സമര സമിതിക്കെതിരെ പൊലീസ്


താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരസമിതിക്കെതിരെ ഗുരുതര ആരോപണവുമായി പൊലീസ്. സമരത്തിലെ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുകയാണെന്ന് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സമരസമിതി ചെയർമാൻ ക്രിമിനലാണെന്നും പൊലീസ് ആരോപിക്കുന്നു.

സമരക്കാർ മാരകായുധങ്ങൾ ശേഖരിച്ചെന്നും ‌‌കുട്ടികളെ മറയാക്കി സമരം നടത്താൻ ആസൂത്രണ ചെയ്തെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. ‌സമരത്തിൽ ഫാക്ടറി ഉടമകളുടെ ആളുകൾ നുഴഞ്ഞുകയറിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

ഫ്രഷ് കട്ട് കേന്ദ്രത്തിനെതിരെ സമരസമിതി കഞ്ഞി വച്ച് സമരം നടത്തിയിരുന്നു. കഞ്ഞി വയ്ക്കാനുള്ള വിറക് കീറാനെത്തിച്ച കോടാലി ഉൾപ്പെടെയാണ് പൊലീസ് മാരകായുധമായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. മൂന്ന് ആംബുലൻസുകൾ തയാറാക്കി വച്ചത് സമരസമിതി അക്രമം ആസൂത്രണം ചെയ്തിരുന്നതിന്റെ തെളിവാണെന്നും കുട്ടികൾ സ്‌കൂളിലേക്ക് പോവേണ്ടതില്ലെന്ന് നിർദേശം നൽകിയിരുന്നത് അവരെ മറയാക്കി സമരം ചെയ്യാനുള്ള ആസൂത്രണമായിരുന്നെന്നുമാണ് പൊലീസിന്റെ ആരോപണം.

ക്രിമിനൽ ഗൂഢാലോചന നടത്തിയ ശേഷമുണ്ടായ അക്രമം ആണെന്നും തീവയ്പ്പ് അടക്കം നടത്തിയത് ബോധപൂർവമാണെന്നും ഇതിൽ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് വാദം.

ആറ് വർഷമായി സമാധാനപരമായി തങ്ങൾ നടത്തിയ സമരം തീവയ്പ്പിൽ കലാശിച്ചതിനു പിന്നിൽ ഫാക്ടറിയുടെ ആളുകളാണെന്നും ഇതിന് തെളിവായ സിസിടിവി ദൃശ്യങ്ങൾ അവർ പുറത്തുവിടാൻ തയാറല്ലെന്നും സമരസമിതി ആരോപിച്ചിരുന്നു. എന്നാൽ ഇത് തള്ളുകയാണ് പൊലീസ്.

അതേസമയം, പൊലീസ് കരുതിക്കൂട്ടി വിഷയം വർഗീയവത്കരിക്കുകയാണെന്നും‌ അവരുടെ ഗൂഢ തന്ത്രമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും സമസ്ത നേതാവും ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരസമിതി ജന. കൺവീനറുമായ നാസർ ഫൈസി കൂടത്തായി മീഡിയവണിനോട് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only