ന്യൂഡൽഹി: ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
കസ്റ്റഡിയിലെടുത്ത കാർ ഉടമ സൽമാനിൽ നിന്ന് ആദ്യം കാർ വാങ്ങിയത് ദേവേന്ദ്ര എന്നയാളെന്ന് റിപ്പോർട്ട്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാൾ വാഹനം വാങ്ങി പുൽവാമ സ്വദേശി താരിഖിന് കൈമാറുകയും താരിഖ് വാഹനം ഉമർ മുഹമ്മദിന് കൈമാറുകയും ചെയ്തു. കാറോടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെന്നാണ് സൂചന. ഫരീദാബാദ് കേസുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.
വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനം റെഡ് സിഗ്നലിൽ നിർത്തിയെന്ന് ദൃസാക്ഷികൾ പ്രതികരിച്ചു.
പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകൾ ഉൾപ്പെടെ 10 വാഹനങ്ങൾക്ക് തീപിടിച്ചു. കാറുകൾ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോർസൈക്കിൾ, റിക്ഷ എന്നിവയാണ് കത്തിയത്. കാറുകൾ പൂർണമായും കത്തിനശിച്ചു. സ്ഫോടനത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് അതീവജാഗ്രതയിലാണ് രാജ്യം. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.
Post a Comment