കോട്ടയം: ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ് ) കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്കാരചടങ്ങുകൾ നവംബർ 3 ന് തിങ്കളാഴ്ച്ച വൈകീട്ട് മൂന്നുമണിക്ക് വടവാതൂരിൽ നടക്കും.
1948 ൽ പൗലോസിന്റേയും, മാർത്തയുടേയും മകനായി ജനിച്ച ചെല്ലൻ 2002ൽ കെ.എസ്.ആർ.ടി.സിയിൽ നിന്ന് പെയിന്ററായി വിരമിച്ചു. കോട്ടയം വടവാതൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. പുത്രൻ സുരേഷ്.
കാർട്ടൂൺ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കാർട്ടൂണിസ്റ്റ് ചെല്ലന് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിങ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തന്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലന്റെ മടക്കം.
അദ്ദേഹം രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലൻ ഒരു കാലഘട്ടത്തിൽ കേരളത്തിലെ കാമ്പസുകളിൽ തുടർച്ചയായി ചിരിയുടെ അലകൾ തീർത്തിരുന്നു. ലോലന്റെ ബെൽ ബോട്ടം പാൻ്റും വ്യത്യസ്തമാർന്ന ഹെയർ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാർ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാർക്ക് ലോലൻ എന്ന വിളിപ്പേരും വീണു. ലോലൻ എന്ന ഒറ്റ കഥാപാത്രത്തെ കൊണ്ട് മാത്രം പ്രശസ്തനായ വ്യക്തി എന്ന നിലയിൽ ചെല്ലൻ വേറിട്ട് നിൽക്കുന്നു എന്ന് കേരള കാർട്ടൂൺ അക്കാദമി ചെയർപേഴ്സൺ സുധീർ നാഥ് അനുസ്മരിച്ചു.
> *K̊
Post a Comment