വാഷിങ്ടൺ:റഷ്യയുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനെതിരെയും കർശനമായ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യക്കെതിരായ ഉപരോധ നടപടികൾക്ക് അമേരിക്കൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ നീക്കം നടത്തുന്നതിനിടെയാണ് ട്രംപിെന്റ പ്രതികരണം. ഇറാനെയും ഇതിൽ ഉൾപ്പെടുത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരെ 25 ശതമാനം പിഴത്തീരുവ ട്രംപ് നേരത്തെ ചുമത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനും പുനർവിൽപനക്കും 500 ശതമാനം തീരുവ ഏർപ്പെടുത്തണമെന്ന് സെനറ്റർ ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച ബിൽ നിർദ്ദേശിക്കുന്നു. സെനറ്റ് വിദേശകാര്യ സമിതിയിൽ ഈ നിർദ്ദേശത്തിന് ഏറെക്കുറെ ഐക്യകണ്ഠമായ പിന്തുണയുണ്ട്.അതേസമയം, വിലക്കയറ്റം രൂക്ഷമായതോടെ ബീഫ്, കാപ്പി, തക്കാളി, പഴവർഗങ്ങൾ, തേയില, കൊക്കോ, മസാല ഉൽപന്നങ്ങൾ, ചില വളങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങളുടെയും സാധനങ്ങളുടെയും തീരുവ അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിൽ കൂടുതൽ വില വർധിച്ച ഉൽപന്നങ്ങളുടെ തീരുവയാണ് കുറച്ചത്. വില കുതിച്ചുയർന്നതിനു പിന്നാലെ പൗരന്മാരുടെ പ്രതിഷേധം കണക്കിലെടുത്താണ് പിന്മാറ്റം. ന്യൂയോർക്, വെർജീനിയ, ന്യൂജഴ്സി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയും സ്വന്തം പാളയത്തിൽനിന്ന് പോലും എതിർപ്പുയർന്നതുമാണ് ട്രംപിനെ മാറ്റി ചിന്തിപ്പിച്ചത്.അവശ്യ വസ്തുക്കങ്ങളുടെ വിലക്കയറ്റമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. തീരുവയല്ല, ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളാണ് വില വർധിക്കാൻ കാരണമെന്നാണ് ട്രംപ് ആവർത്തിച്ചിരുന്നത്. ബ്രസീൽ, എക്വഡോർ, ഗ്വാട്ടമാല, എൽസാൽവഡോർ, അർജന്റീന തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇപ്പോഴത്തെ തീരുവ ഒഴിവാക്കലിന്റെ ഗുണം ലഭിക്കുക. ഇന്ത്യ-യു.എസ് വ്യാപാര കരാർ ചർച്ച അവസാന ഘട്ടത്തിലാണ്. കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിൽനിന്ന് കയറ്റിയയക്കുന്ന ഉൽപന്നങ്ങളുടെയും തീരുവ കുറക്കുമെന്നാണ് പ്രതീക്ഷ.
Post a Comment