കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ വാർഡ് 7 ൽ മുണ്ടൂർ എന്ന സ്ഥലത്ത് ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് തല ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടെയും യോഗം തിങ്കളാഴ്ച.
സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ ആണ് കൂട്ടത്തോടെ പന്നികൾ ചത്ത് ഒടുങ്ങിയത്. 20ലധികം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തത് ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ്
പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.
പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് അധികൃതർക്ക് ലഭിച്ചത്. ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്.
അരിപ്പാറ പ്രദേശത്ത് കഴിഞ്ഞദിവസം ഒരു കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരുന്നു. ജഡം മറവ് ചെയ്തതിനു ശേഷം ഇന്നും അതിന്റെ സമീപത്തായി കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയെന്ന് പ്രദേശവാസികൾ അറിയിച്ചു. തുടർന്ന് കാട്ടുപന്നിയുടെ ജഡം പോസ്റ്റ് മോർട്ടം നടത്തി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ റോസമ്മ തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എഡിസൺ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പന്നിഫാം നടത്തുന്നവർ, പന്നി മാംസ്യം വിൽപ്പനക്കാർ എന്നിവരുടെ അടിയന്തര അവലോഹന യോഗം ചേരുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
Post a Comment