തിരുവനന്തപുരം: പൊതു ഇടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്പോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സമയം. ഈ സമത്തിനുള്ളില്‍ ഏകദേശം 5 ലക്ഷത്തോളം തെരുവ് നായ്ക്കളെയാണ് സംസ്ഥാനത്തിന് കൈകാര്യം ചെയ്യേണ്ടിവരിക. ഇവയെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ഷെല്‍റ്ററുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സംസ്ഥാനത്ത് സമയ ബന്ധിതമായി നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കും.
പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത്, മൃഗ ജനന നിയന്ത്രണ (എബിസി) നിയമങ്ങള്‍ക്കനുസൃതമായി വന്ധ്യംകരണവും വാക്സിനേഷനും നടത്തിയ ശേഷം ഷെല്‍റ്ററുകളില്‍ പുനരധിവസിപ്പിക്കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇവയെ പിടികൂടിയ സ്ഥലത്ത് തുറന്ന് വിടരുത് എന്നും കോടതി വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോര്‍ട്ട് 2026 ജനുവരി 13 സമര്‍പ്പിക്കണം എന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ഷെല്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലവിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ നല്കുന്ന പ്രതികരണം. എല്ലാ ജില്ലകളിലും തെരുവ് നായ്ക്കള്‍ക്ക് ഷെല്‍റ്ററുകള്‍ തുറക്കാന്‍ സ്ഥലം കണ്ടെത്തുക പ്രയാസമാണെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പ്രതികരിച്ചു സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
കേരളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്. തെരുവ് നായകളുടെ വന്ധ്യം കരണം നടപ്പാക്കേണ്ട എബിസി സെന്ററുകള്‍ സ്ഥാപിക്കുന്നതില്‍ പോലൂം ജനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുന്നു. 'ഈ വര്‍ഷം കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ എബിസി സെന്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലം ഓച്ചിറയില്‍ എബിസി സെന്ററിന് തറക്കല്ലിടാന്‍ എത്തിയപ്പോള്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഒരു കോടി രൂപ ചെലവഴിച്ച് കണ്ണൂരില്‍ കേന്ദ്രം സ്ഥാപിച്ചു, പക്ഷേ നാട്ടുകാര്‍ അത് മാറ്റണമെന്ന് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.
2019 ലെ കന്നുകാലി സെന്‍സസ് പ്രകാരം കേരളത്തില്‍ 2.89 ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. 2024 ലെ സെന്‍സസിന്റെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് 19 എബിസി സെന്ററുകളാണ് മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 2024-25 സമയത്ത് 15,767 തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി. 88,744 നായ്ക്കള്‍ക്ക് വാക്സിനേഷന് നല്കി. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 9,737 തെരുവ് നായ്ക്കള്‍ക്ക് വന്ധ്യംകരണം നടത്തുകയും 53,401 നായ്ക്കള്‍ക്ക് വാക്സിനേഷന് നല്‍കുകയും ചെയ്തിട്ടുണ്ട്. കണക്കുകള്‍ ഇങ്ങനെയെങ്കിലും 2019 ന് ശേഷം സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ എണ്ണം 30 മുതല്‍ 40 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഒരു പോര്‍ട്ടബിള്‍ എബിസി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഈ സംവിധാനം നടപ്പാക്കാന്‍ ആണ് പദ്ധതി. എല്ലാ ജില്ലകളിലും എബിസി സെന്ററുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്, ബ്ലോക്ക് പഞ്ചായത്തുകള്‍ അതിനായി ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു പോര്‍ട്ടബിള്‍ എബിസി സെന്ററിന് 28 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ അഞ്ച് ദിവസം നിരീക്ഷിക്കുന്നതിനായും സംവിധാനം ഒരുക്കും. പദ്ധതിയെക്കുറിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെന്നും ചിഞ്ചുറാണി പറഞ്ഞു.
സംസ്ഥാനത്ത് പേവിഷബാധ മൂലമുള്ള മരണങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുറത്തുവന്ന സുപ്രീം കോടതി ഉത്തരവിനെ ചൊല്ലി ചര്‍ച്ചകളും സജീവമാണ്. 2025 ലെ ആദ്യ എട്ട് മാസങ്ങളില്‍ സംസ്ഥാനത്ത് ഏകദേശം 2.25 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 17 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധി സ്വാഗതം ചെയ്തും എതിര്‍ത്തും ഇതിനോടകം ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തെരുവ് നായ്ക്കളെ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെടുന്ന ആക്ടിവിസ്റ്റുകള്‍ സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്നാല്‍ ഉത്തരവ് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മൃഗാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
ഉത്തരവ് വലിയൊരു ആശ്വാസമാണെന്ന് ആക്ടിവിസ്റ്റ് ജോസ് മാവേലി പ്രതികരിച്ചു. തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് സുപ്രീം കോടതി ശാസിച്ച വ്യക്തി കൂടിയാണ് ജോസ് മാവേലി. തെരുവുകളിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് തെറ്റായ സന്ദേശം നല്‍കുമെന്ന് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം എം എന്‍ ജയചന്ദ്രന് പറഞ്ഞു. തെരുവില്‍ നിന്ന് 10 നായ്ക്കളെ ഒരു ഷെല്‍ട്ടറിലേക്ക് മാറ്റിയാല്‍, ഒരു മാസത്തിനുള്ളില്‍ മറ്റൊരു കൂട്ടം നായ്ക്കള്‍ ആ പ്രദേശത്തെത്തും. കശാപ്പ് മാലിന്യങ്ങള്‍ ശരിയായി സംസ്കരിക്കാത്തതാണ് കേരളത്തിലെ തെരുവ് നായ ശല്യത്തിന്റെ യഥാര്‍ത്ഥ പ്രശ്നം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Post a Comment