കോടഞ്ചേരി∙ പഞ്ചായത്തിലെ മുണ്ടൂർ സ്വകാര്യ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി മൂലം പന്നികൾ കൂട്ടത്തോടെ ചത്തതിനു പുറമേ കഴിഞ്ഞ ദിവസം അരിപ്പാറ പ്രദേശത്ത് ഒരു കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. കാട്ടുപന്നിയുടെ ജഡം മറവു ചെയ്ത ശേഷം ഇന്നലെ ആ പ്രദേശത്തു മറ്റൊരു കാട്ടുപന്നിയുടെ ജഡവും കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. തുടർന്ന് കാട്ടുപന്നിയുടെ ജഡം പോസ്റ്റ് മോർട്ടം നടത്തി ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയ സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെംബർ റോസമ്മ തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഇ.എഡിസൺ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു. നാളെ രാവിലെ 10ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പന്നി ഫാം നടത്തുന്നവർ, പന്നി മാംസം വിൽപന നടത്തുന്നവർ എന്നിവരുടെ അടിയന്തര അവലോകന യോഗം ചേരും.
Post a Comment