Dec 21, 2025

വാളയാർ ആൾക്കൂട്ട കൊലപാതകം: 25 ലക്ഷം നഷ്ടപരിഹാരം ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ


പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ വയ്യാർ കൊല്ലപ്പെട്ട സംഭവത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം. തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് മരിച്ചയാളുടെ കുടുംബാംഗങ്ങൾ.

തൻ്റെ സഹോദരനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചതാണെന്നും അതിനാൽ സംഭവത്തിൽ ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും മരിച്ചയാളുടെ സഹോദരൻ ആവശ്യപ്പെട്ടു. തെഹ്സീൻ പൂനവാല കേസിലെ സുപ്രീം കോടതി വിധിപ്രകാരം കേസ് അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ച വ്യക്തിയുടെ രണ്ട് മക്കൾക്കുമായി 25 ലക്ഷം രൂപ നഷ്‌ടപരിഹാരമായി കേരള സർക്കാർ നൽകണമെന്നാണ് കുടുംബത്തിൻ്റെ മറ്റൊരു ആവശ്യം. സംഭവത്തിൽ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ തങ്ങൾക്ക് യാതൊരുവിധ സഹായവും ലഭ്യമായിട്ടില്ലെന്നും സഹോദരൻ ആരോപിച്ചു. തങ്ങൾ ഉന്നയിച്ച ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.

കഴിഞ്ഞ ബുധനാഴ്‌ചയാണ് കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ രാംനാരായൺ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ചത്. മർദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിനുശേഷമാണ് പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോകുംവഴി പുതുശ്ശേരിയിലെത്തിയതോടെ അവശനായി കുഴഞ്ഞുവീണു. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ വാളയാർ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ അഞ്ചുപേരെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only