Dec 3, 2025

തദ്ദേശ തെരഞ്ഞെടുപ്പ്: റീൽസ്, വാട്സ്ആപ്പ് ഗ്രുപ്പ് നിരീക്ഷണം കർശനമാക്കി തെരഞ്ഞെടുപ്പ്​ കമീഷൻ; അപകീർത്തികരമായ ഉള്ളടക്കം കണ്ടെത്തിയാൽ കർശന നടപടി


തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ സമൂഹ മാധ്യമങ്ങളിലെ റീൽസുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കർശനമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ സമൂഹ മാധ്യമ പേജുകളിൽ നൽകുന്ന റീൽസുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും ചർച്ചകളും നിരീക്ഷിക്കാൻ പൊലീസ് സൈബർ വിഭാഗത്തിന് കമീഷണർ നിർദേശം നൽകി.പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങൾ, വോയിസ് ക്ലിപ്പുകൾ, വിഡിയോകൾ, അനിമേഷനുകൾ, ഇമേജ് കാർഡുകൾ എന്നിവ നിരീക്ഷിക്കും. അനൗൺസ്​മെന്റുകളിൽ ജാതി, മതം തുടങ്ങിയ സ്വകാര്യ വിവരങ്ങൾ പരാമർശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണ്.

വ്യാജമായതോ, അപകീർത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ പരാതി ലഭിച്ചാലോ കർശന നടപടിയുണ്ടാവും.എ.​​ഐ, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമിക്കുന്നതും അവ ​പ്രചാരണത്തിൽ ഉപയോഗിക്കുന്നതിനുമെതിരെ നടപടി സ്വീകരിക്കും. പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ കണ്ടാൽ മൂന്നു മണിക്കൂറിനകം അവ നീക്കി ഉത്തരവാദികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് കമീഷണർ നിർദേ​ശിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only