Dec 3, 2025

കാരശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണത്തിലെ അട്ടിമറി; അബ്ദുറഹ്‌മാനെ പുറത്താക്കി കോണ്‍ഗ്രസ്


കോഴിക്കോട്: കാരശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണം അട്ടിമറിക്കാന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് ശ്രമം നടത്തിയെന്നാരോപിച്ച് ബാങ്ക് ചെയര്‍മാനെ പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി അംഗംകൂടിയായ എന്‍ കെ അബ്ദുറഹ്‌മാനെകെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് പുറത്താക്കിയത്.
എന്‍ കെ അബ്ദുറഹ്‌മാനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. പിന്നാലെയാണ് രാത്രി തന്നെ ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് ഉത്തരവിട്ടത്.
മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കാരശേരി സര്‍വീസ് സഹകരണ ബാങ്ക്. അടുത്ത ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അബ്ദുറഹ്‌മാന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് ഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തിയത്. ഇയാള്‍ സിപിഐഎമ്മിന് ബാങ്ക് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ഇതിന് പ്രത്യക്ഷമായി തെളിവൊന്നും ഉണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് വരെ ഭരണസമിതിയെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള 771 എ-ക്ലാസ് അംഗങ്ങളാണ് കാരശേരി ബാങ്കിന് ഉണ്ടായിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ ഇത് 1600 ആയി ഉയര്‍ന്നു. നെല്ലിക്കാപ്പറമ്പ് ബ്രാഞ്ചിലെ ഏഴ് ജീവനക്കാരുടെ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി പുതിയ 800 അംഗങ്ങളെ ഓണ്‍ലൈനായി ചേര്‍ക്കുകയായിരുന്നു.
ഭരണം പിടിച്ചെടുക്കാന്‍ സിപിഐഎം അനുകൂലികളായ മെമ്പര്‍മാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റിയെന്ന് ചൂണ്ടിക്കാട്ടി ആകെയുള്ള 13 ഡയറക്ടമാരില്‍ ഒമ്പതു പേർ ഹൈക്കോടതിയെ സമീപിച്ചു. ചെയര്‍മാനെ നീക്കാന്‍ അവിശ്വാസ പ്രമേയത്തിനും നീക്കം തുടങ്ങി. എന്നാല്‍ ഇതിന് പിന്നാലെ സംസ്ഥാന സഹകരണ വകുപ്പ് കാരശേരി ബാങ്ക് ഭരണസമിതി പിരിച്ചുവിടുകയും ബാങ്കിനെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കീഴിലാക്കുകയും ചെയ്തു.
വായ്പകളില്‍ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതും ഭരണസമിതി പിടിച്ചെടുക്കാനുള്ള സിപിഐഎമ്മിന്റെ ശ്രമമാണെന്നാണ് ഡയറക്ടര്‍മാരുടെ ആരോപണം.
തങ്ങളുടെ ലോഗിന്‍ ഐഡി ദുരുപയോഗം ചെയ്താണ് പുതിയ മെമ്പര്‍മാരെ ചേര്‍ത്തതെന്ന് ചൂണ്ടിക്കാട്ടി നെല്ലിക്കാപ്പറമ്പ് ശാഖയിലെ ഏഴ് ജീവനക്കാര്‍ മുക്കം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഈ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നുമാണ് ആരോപണം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only