കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് DHARA 2K25യുടെ ഭാഗമായി ‘കൈമുതൽ : പ്രകൃതിജന്യ മൂല്യവർദ്ധിത പരിശീലനം’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പാരമ്പര്യ വിഭവങ്ങളുടെ വിൽപ്പന മേളയ്ക്കായി വിവിധ നാട്ടുവിഭവങ്ങൾ എൻഎസ്എസ് വോളന്റിയേഴ്‌സിന്റെ കൂട്ടായ്മയിൽ തയ്യാറാക്കി.
നാട്ടിൻപുറങ്ങളിൽ സമൃദ്ധമായി ലഭിക്കുന്ന പ്രകൃതി വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി, രാസവസ്തുക്കൾ ഒന്നും ചേർക്കാതെയാണ് പാരമ്പര്യത്തിന്റെ തനത് രുചിക്കൂട്ടുകൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം ക്യാമ്പിന്റെ ഭാഗമായി നടപ്പാക്കിയത്.
സ്കൂൾ പി.ടി.എ. പ്രസിഡണ്ട് റൂബി മർക്കോസിന്റെ സാന്നിധ്യത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷൻ എ.എസ്.ഐ. ജിനേഷ് കുര്യൻ ആദ്യ വിൽപ്പന ഏറ്റുവാങ്ങി വിൽപ്പന മേള ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ തയ്യാറാക്കിയ ചമ്മന്തിപ്പൊടി, അവലോസ്പൊടി, നാരങ്ങ അച്ചാർ തുടങ്ങിയ തനത് രുചിക്കൂട്ടുകളാണ് വിൽപ്പനയ്ക്കായി ഒരുക്കിയത്.
ലഭ്യമായ ഓരോ പ്രകൃതി വിഭവങ്ങളും ശാസ്ത്രീയവും സൂക്ഷ്മവുമായ രീതിയിൽ കൈകാര്യം ചെയ്താണ് ഉത്പന്നങ്ങൾ തയ്യാറാക്കിയത്. പാചകം, പായ്ക്കിങ്, ലേബലിംഗ് എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.
പ്രസ്തുത വിൽപ്പന മേളയ്ക്ക് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ., രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ, അനദ്ധ്യാപകർ പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.
Post a Comment