കോട്ടയം: എംഎൽഎയായി രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത് 2024 ഡിസംബർ 4 ഉച്ചയ്ക്ക് 12 മണിക്ക്. ഇന്ന് ഉച്ച്യ്ക്ക് 12ന് തിരുവനന്തപുരം വഞ്ചിയൂരിലെ ജില്ലാ കോടതിയിൽ രാഹുലിന് എതിരായ കേസിൽ നിർത്തിവച്ച വാദവും പുനരാരംഭിച്ചു. യുവനേതാവിനെ തേടിയെത്തിയത് രണ്ടു തിരിച്ചടികൾ – കോടതി വിധി എതിരായതിനു പിന്നാലെ പാർട്ടിയിൽ നിന്നു പുറത്ത്.
കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻഎസ്‌യു ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പിന്നീട് എംഎൽഎയുമായത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി യുവനേതാവിന്റെ പേരു വെളിപ്പെടുത്താതെ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയരുന്നത്. പേരു വെളിപ്പെടുത്താതെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. അന്നുതന്നെ രാഹുലിന്റെ പേരു വെളിപ്പെടുത്തി പ്രവാസി എഴുത്തുകാരിയും രംഗത്തെത്തി. പിറ്റേന്ന് ചാറ്റുകളും ഓഡിയോ ക്ലിപ്പും പുറത്തുവന്നു.
ഹൈക്കമാൻഡിനു രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി ചോദിച്ചുവാങ്ങി. പിന്നാലെ പാർലമെന്ററി പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു. വിവാദം കെട്ടടങ്ങിയപ്പോഴേക്കും പാലക്കാട് മണ്ഡലത്തിലെത്തി. ഇതിനിടെയാണ് ആരോപണങ്ങൾ വീണ്ടുമെത്തിയത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് മുഖ്യധാര രാഷ്ട്രീയത്തിൽ കെഎസ്‌യുവിന്റെ രണ്ടാം നിര നേതാവായി രാഹുലിന്റെ രംഗപ്രവേശം. കെപിസിസി വക്താവ് അല്ലെങ്കിലും അനൗദ്യോഗികമായി രാഹുലിന്റെ മുഖം ടിവി സ്ക്രീനുകളിൽ തെളിഞ്ഞു തുടങ്ങി. കൂടുതലായും കോവിഡ് കാലത്ത്. അവസരം ഉപയോഗപ്പെടുത്തിയ രാഹുൽ പാർട്ടിയുടെ തീപ്പൊരി നേതാവായി വളർന്നു. സർക്കാരിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി പല തവണ പൊലീസ് മർദനത്തിന് ഇരയായി.
പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായതോടെ ഷാഫി പറമ്പിലുമായി രാഹുൽ ഏറെ അടുത്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞപ്പോൾ അവിടേക്ക് ഷാഫിക്ക് നിർദേശിക്കാൻ ഒറ്റപ്പേരേ ഉണ്ടായിരുന്നുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കണം എന്ന കോൺഗ്രസ് നിർദേശം വന്നപ്പോഴും പാലക്കാട്ട് രാഹുലിനെ പിൻഗാമിയാക്കണം എന്ന നിബന്ധന മാത്രമാണ് ഷാഫി പറമ്പിൽ മുന്നോട്ടു വച്ചത്.
Post a Comment