കോഴിക്കോട് : ജില്ലയിലെ മോട്ടർ വാഹന വിഭാഗത്തിൽ ആർടിഒ, എൻഫോഴ്സ്മെന്റ് ആർടിഒ എന്നീ തസ്തികകളിൽ നിയമനം വൈകുന്നു. വലിയ വാഹനങ്ങളുടെ പെർമിറ്റ് അനുവദിക്കുന്നതും സ്വകാര്യ ബസ് സർവീസ് സമയക്രമം നിശ്ചയിക്കുന്നതും മന്ദഗതിയിൽ. ജില്ലയിൽ മോട്ടർ വാഹന വിഭാഗവുമായി ബന്ധപ്പെട്ട പരാതികളിൽ നടപടിയെടുക്കുന്നതും താളം തെറ്റി.
4 മാസമായി മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ആർടിഒ സ്ഥലം മാറിയിട്ടും പുതിയ നിയമനം നടന്നിട്ടില്ല. പകരം കോഴിക്കോട് ആർടിഒക്ക് ചുമതല നൽകി. എന്നാൽ, വിരമിക്കലിന്റെ മുന്നോടിയായി കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് ആർടിഒ അവധിയിലായതോടെ എൻഫോഴ്സ്മെന്റ്, റീജനൽ ഓഫിസിലും ആർടിഒമാരില്ലാത്ത അവസ്ഥയായി.
വടകര ആർടിഒക്ക് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ ചുമതലയും കോഴിക്കോട് ജോയിന്റ് ആർടി ഓഫിസർക്ക് കോഴിക്കോട് ആർടിഒയുടെ ചുമതലയും നൽകിയിട്ടുണ്ട്. എന്നാൽ ജില്ലാ ആർടിഒയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാൻ ജോയിന്റ് ആർടിഒക്ക് കഴിയാത്ത സാഹചര്യമാണ്. സ്വകാര്യ ബസ് സർവീസുകളിൽ സമയക്രമം സംബന്ധിച്ച് നടപടിയേടുക്കേണ്ടത് ആർടിഒ ആണ്.
ജോയിന്റ് ആർടിഒക്ക് ചുമതല ഉണ്ടെങ്കിലും സമയക്രമം സംബന്ധിച്ച് യോഗങ്ങൾ കൃത്യസമയത്ത് നടത്താൻ കഴിയാത്തതിനാൽ സ്വകാര്യ ബസ് സമയം നിശ്ചയിക്കുന്നതിൽ വീഴ്ച ഉണ്ടായി. മാത്രമല്ല ആർടിഒ ഇല്ലാത്ത സാഹചര്യത്തിൽ പ്രതിമാസ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗങ്ങളും ജില്ലാ റോഡ് സുരക്ഷ കൗൺസിൽ യോഗങ്ങളും പേരിനു മാത്രമായി.
Post a Comment