കോഴിക്കോട്∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോടഞ്ചേരിയിൽ നിന്ന് ജയിച്ച ഹയർ സെക്കൻഡറി മുൻ അധ്യാപിക മില്ലി മോഹനെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുന്നണി ധാരണകൾ പാലിച്ച് മുസ്‌ലിം ലീഗുമായി ഭരണം പങ്കിടാനും അവസാനത്തെ രണ്ടര വർഷം ലീഗിന് സ്ഥാനം കൈമാറാനും കോൺഗ്രസ് തീരുമാനിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യം ലീഗിനും പിന്നീട് കോൺഗ്രസിനുമായിരിക്കും. ഇതേ രീതി കോർപറേഷനിലെ പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും തുടരും.
കോർപറേഷൻ മേയർ സ്ഥാനത്തേക്ക് കോൺഗ്രസിന്റെ എസ്.കെ.അബൂബക്കറും ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ലീഗിന്റെ ഫാത്തിമ തെഹ‌്‌ലിയയും മത്സരിക്കും. യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡറായി (പ്രതിപക്ഷ നേതാവ്) ലീഗിന്റെ എസ്.വി.സയ്യിദ് മുഹമ്മദ് ഷമീൽ ആദ്യ ടേമിൽ എത്തും. രണ്ടാം ടേമിൽ കോൺഗ്രസ് ഏറ്റെടുക്കും. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായി മാങ്കാവിൽ നിന്ന് ജയിച്ച കൗൺസിലർ മനയ്ക്കൽ ശശിയെ തിരഞ്ഞെടുത്തു.
യുഡിഎഫിനുള്ള ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ സ്ഥാനം ലീഗിന് നൽകിയിട്ടുണ്ട്. ഇതിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച കവിത അരുണായിരിക്കും എത്തുക. ബിജെപിയുമായി ഒരുതരത്തിലും ധാരണയിലെത്തില്ലെന്നും മത്സരിക്കാൻ കഴിയുന്ന എല്ലാ സീറ്റിലേക്കും യുഡിഎഫ് മത്സരിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു.
ആരെങ്കിലും അറിഞ്ഞുകൊണ്ട് യുഡിഎഫിന് വോട്ട് ചെയ്യുകയാണെങ്കിൽ അതു സ്വീകരിക്കും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ സ്ഥാനത്തേക്ക് എസ്.കെ.അബൂബക്കറിനെയായിരിക്കും നിർദേശിക്കുക. യുഡിഎഫിന് മൂന്നാമതൊരു സ്റ്റാൻഡിങ് കമ്മിറ്റി കൂടി ലഭിക്കുകയാണെങ്കിൽ അതിലേക്കുള്ള അംഗത്തെ വരും ദിവസങ്ങളിൽ തീരുമാനിക്കും.
ലീഗ് കൗൺസിൽ പാർട്ടി നേതാവായി പി.സക്കീറിനെയും ഡപ്യൂട്ടി ലീഡറായി എ.സഫറിയെയും നിശ്ചയിച്ചു. ടി.പി.എം.ജിഷാനാണ് സെക്രട്ടറി. വി.പി.ഇബ്രാഹിം, എൻ.പി.സോഫിയ എന്നിവർ ജോയിന്റ് സെക്രട്ടറിമാരും ആയിഷബി പാണ്ടികശാല ട്രഷററുമായിരിക്കും. ഫാത്തിമ തെഹ്‌ലിയയാണ് പാർട്ടി ചീഫ് വിപ്പ്.
*വലിയ ദൗത്യം; ഏറ്റെടുക്കും*
കോഴിക്കോട്∙ ‘‘പാർട്ടി വലിയ ദൗത്യമാണ് ഏൽപിക്കുന്നത്. അത് ഏറ്റവും ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കും. കോഴിക്കോടിന്റെ പൈതൃകം കാത്തു സൂക്ഷിച്ച് വികസനത്തിന്റെ പുതിയ പാതകൾ സ്വീകരിക്കും. വികസനവും ജനനന്മയും മാത്രമാണ് ലക്ഷ്യം. എല്ലാവരുമായി കൂട്ടായി ചർച്ച ചെയ്ത് പദ്ധതികൾ ആസൂത്രണം ചെയ്യും’’ കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥി മില്ലി മോഹൻ പറഞ്ഞു.
2005–10 ൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന മില്ലി മോഹൻ (58) തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് വിരമിച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസറി കമ്മിറ്റി മെംബർ, വനിത സഹകരണ സംഘം പ്രസിഡന്റ്, ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗം, മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ, മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, മുൻ ജില്ലാ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കൂരാച്ചുണ്ട് വേങ്ങത്താനത്താണ് കുടുംബ വീട്. ഭർത്താവ്: അഡ്വ. മോഹൻ കെ.ജോസ്. മക്കൾ: മിറാൻഡ മോഹൻ, മിലാന. മരുമകൻ: സുബിൻ സണ്ണി.
Post a Comment