സെൻറ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'യുവ' യുടെ നേതൃത്വത്തിൽ *'തിരികെ 2025'* എന്ന പേരിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം വിജയകരമായി സംഘടിപ്പിച്ചു.
'തിരികെ' യുടെ ഭാഗമായി ബാച്ച് സംഗമം, ഗുരു വന്ദനം, പ്രതിഭകളെ ആദരിക്കൽ, പൂർവ്വ വിദ്യാർത്ഥികളായ ജനപ്രതിനിധികളെ ആദരിക്കൽ, പൊതു സമ്മേളനം, പൂർവ്വ വിദ്യാർത്ഥികൾ നയിക്കുന്ന ഗാന വിരുന്ന് എന്നിവയെല്ലാം സ്കൂൾ കോമ്പൗണ്ടിൽ വച്ച് നടത്തപ്പെട്ടു.
ക്ലാസ്സ് റൂമുകളിൽ വച്ച് നടന്ന വിവിധ ബാച്ചുകളുടെ സംഗമങ്ങളോട് കൂടി പ്രോഗ്രാം ആരംഭിച്ചു. അതുകഴിഞ്ഞ്, ലഘുഭക്ഷണ സമയത്ത് വിവിധ ബാച്ചുകളിലെ അംഗങ്ങൾ തമ്മിൽ പരിചയവും സൗഹൃദവും പുതുക്കലിന്റെ ആഹ്ലാദം നിറഞ്ഞ അനൗദ്യോഗിക മഹാ സമ്മേളനം. തുടർന്ന് ഓരോ ബാച്ചുകളെയും കുറിച്ചുള്ള ഡിജിറ്റൽ പ്രസൻ്റേഷനും അതത് ബാച്ചുകളുടെ ഗ്രൂപ്പ് ഫോട്ടോയെടുപ്പും.
യുവ പ്രസിഡണ്ട് ജോജോ കാഞ്ഞിരക്കാടന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം അന്തരിച്ച അധ്യാപകർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോസഫ് മുകാലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെ പൂർവ്വ വിദ്യാർത്ഥികൾക്ക് വേണ്ടി മാനേജർ ജോസഫ് മുകാലയും എംഎൽഎ ലിന്റോ ജോസഫും ചേർന്ന് ആദരിച്ചു.
വ്യതിരിക്തവും അത്യഭിമാനപൂർവ്വകവുമായ നേട്ടങ്ങൾ കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളായ ലിന്റോ ജോസഫ് എംഎൽഎ, കായിക അധ്യാപകൻ ടോമി ചെറിയാൻ,ഗ്രാഫിക് ആർട്ടിസ്റ്റും ആനിമേറ്ററും ദേശീയ അവാർഡ് ജേതാവുമായ ജോഷി ബെനഡിക്ട് എന്നിവരെയും ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച പൂർവ്വ വിദ്യാർത്ഥികളായ എട്ട് പേരെയും സംഗമത്തിന്റെ ഭാഗമായി ആദരിച്ചു.
*'തിരികെ'* മെഗാ സംഗമത്തിന്റെ ആശയ രൂപീകരണം മുതൽ എല്ലാ ചുവടുകളിലും, മുഴുവൻ ആസൂത്രണങ്ങളിലും പൂർണമായും നിറഞ്ഞുനിന്ന് ഈ പ്രോഗ്രാം വിജയിപ്പിക്കുന്നതിന് പ്രധാന ഘടകമായി മാറിയ സിജോ ജോസഫ് കുന്നേലിനെ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിന് വേണ്ടി ഹെഡ്മാസ്റ്റർ ജോളി ജോസഫ് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.
ഹെഡ്മാസ്റ്റർ ജോളി ജോസഫ്, വാർഡ് മെമ്പർ ജോഷി പുല്ലുകാട്ടിൽ, വിരമിച്ച അധ്യാപകരുടെ പ്രതിനിധികളായ ടി. ടി. തോമസ്, സോമിനി പി.ഡി., പി.ടി.എ പ്രസിഡണ്ട് വിൽസൻ മാത്യു താഴത്തുപറമ്പിൽ, യുവ ഭാരവാഹികളായ സിജോ ജോസഫ്, സുദീപ് സെബാസ്റ്റ്യൻ, താരാരാജ് ബാബു തുടങ്ങിയവർ സംസാരിച്ചു.
പൊതു സമ്മേളനത്തെ തുടർന്ന് പൂർവ്വ വിദ്യാർത്ഥികളായ കലാ പ്രതിഭകളുടെ നേതൃത്വത്തിൽ നടന്ന ഗാന-നൃത്ത വിരുന്ന് സ്കൂൾ കലാമേളകളുടെ ഗൃഹാതുരത്വം ഉണർത്തുന്നതായി മാറി.
ബെന്നി ലൂക്കോസ്,സിജോ ജോസഫ്, സുദീപ് സെബാസ്റ്റ്യൻ, ബെന്നി ആനക്കല്ലേൽ, ബിജു ഫ്രാൻസിസ്, മനോജ് നിരവത്ത്, ലിജോ കുന്നേൽ, അജു എമ്മാനുവൽ, രാജേഷ് വാഴേപ്പറമ്പിൽ, വൽസമ്മ വി.വി., അയോണ, അനു പ്രകാശ് തുടങ്ങിയവർ ഈ മെഗാ സംഗമത്തിന് നേതൃത്വം നൽകി.

Post a Comment