Jan 19, 2026

എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതിക്ക് തൃപ്തി; 20 വർഷത്തെ ഇടപാടിൽ സമഗ്ര പരിശോധന


തിരുവനന്തപുരം: സ്വർണക്കവർച്ചയിലെ ആശങ്കകൾ അടിസ്ഥാനമുളളതാണെന്നും എസ്ഐടി അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും നിരീക്ഷിച്ച് ഹൈക്കോടതി. യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതും ഇതിന്റെ പേരിൽ അനധികൃതമായി പണപ്പിരിവ്‌ നടത്തിയതും സംബന്ധിച്ച തെളിവുകൾ ഉൾപ്പടെ എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചതിന്റെ ഭാഗമായാണ് ഇടക്കാല ഉത്തരവ്.


കുറ്റകൃത്യത്തിന്റെ പ്രയോഗരീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. ഉരുക്കിയ സ്വർണം ഉൾപ്പെടെ കണ്ടെത്തണം. വിഎസ്എസിലെ ശാസ്ത്രജ്ഞരുടെ മൊഴി ഉടൻ രേഖപ്പെടുത്തണം. ഇത് കണ്ടെത്തിയ തെളിവുകളുമായി പൊരുത്തപ്പെടുന്ന രീതിയിൽ പരിശോധിക്കണം. കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യണം- കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക് സഭ നൽകിയ ഹർജിയെ കോടതി വിമർശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ 20 വർഷത്തെ ഇടപാടുകൾ എസ്ഐടി പരിശോധിക്കും.
പുതിയ കൊടിമരം സ്ഥാപിച്ചതിലും സമഗ്ര അന്വേഷണം നടത്തും. 2017ൽ ശബരിമലയിൽ പുതിയ കൊടിമരം നിർമിക്കാൻ സ്പോൺസർഷിപ്പിലൂടെ 3.20 കോടിരൂപ ലഭിച്ചിട്ടും അന്നത്തെ ബോർഡ് രണ്ടരക്കോടിയിലേറെ രൂപ പിരിച്ചതായാണ് എസ്ഐടിക്ക് ലഭിച്ച വിവരം. ഈ പണം പങ്കുവച്ചതായാണ് സംശയിക്കുന്നത്. അന്നത്തെ ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണന്റെയും ബോർഡംഗം അജയ് തറയിലിന്റെയും നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് സൂചന.

കൊടിമരം നിർമിക്കാൻ 3.20 കോടിരൂപ സ്പോൺസർ ചെയ്തത് ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പാണ്. ഇവർ 2016 ഡിസംബർ 23ന് 50 ലക്ഷം, 2017 മാർച്ചിൽ മൂന്നിന്‌ ഒരുകോടി, മാർച്ച് 10ന് ഒരുകോടി, മാർച്ച് 15ന് 70 ലക്ഷം എന്നിങ്ങനെ പലഘട്ടമായി പണം നൽകി.ഇത് മറച്ചുവച്ചാണ് പലരിൽനിന്നായി സ്പോൺസർഷിപ്പ് എന്നപേരിൽ രണ്ടരക്കോടിയോളം പിന്നെയും പിരിച്ചത്. 2012ലെ ദേവസ്വം കമീഷണറുടെ ഉത്തരവ് മറികടന്ന് പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്‌ഠര്‌ രാജീവർക്ക് നൽകിയതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് നിഗമനം. വാജി വാഹനം തന്ത്രിക്ക് കൈമാറുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടില്ല. എന്നാൽ, പാരമ്പര്യവും ആചാരവും അനുസരിച്ച് വാജിവാഹനം തന്ത്രിക്ക് കൈമാറിയെന്നാണ്‌ അഡ്വക്കറ്റ് കമീഷണർ ആയിരുന്ന എ എസ്‌ പി കുറുപ്പ് രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചത്‌. കോടികൾ മൂല്യമുള്ള വാജിവാഹനം ദേവസ്വം സ്വത്തായിതന്നെ നിലനിർത്തണമെന്ന ദേവസ്വം ഉത്തരവ് ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല.
പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജി വാഹനം കോടികൾ മൂല്യമുള്ള പുരാവസ്തു കൂടിയാണ്‌. വിഗ്രഹ സ്വഭാവമുള്ള ഉരുപ്പടിക്ക് നാശംവന്നാൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്. സ്വർണമോഷണക്കേസിൽ അന്വേഷണം തുടങ്ങിയപ്പോൾ വാജിവാഹനം ബോർഡിന് കൈമാറാൻ തയ്യാറാണെന്ന് കണ്‌ഠര്‌ രാജീവർ പറഞ്ഞതിൽ ദൂരൂഹതയുണ്ട്‌. എസ്ഐടിയാണ് രാജീവരുടെ വീട്ടിൽനിന്ന് വാജിവാഹനം പിടിച്ചെടുത്തത്. ഇതിന്റെ അവകാശം തെളിയിക്കുന്ന ഒരു രേഖയും തന്ത്രിക്ക് ഹാജരാക്കാനുമായില്ല. ശബരിമല ദ്വാരപാലക ശിൽപ്പപാളി സ്വർണ മോഷണക്കേസിൽ ഫെബ്രുവരി മൂന്നിനുമുന്പ്‌ പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്‌ഐടി നീക്കം. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണിത്.


കേസിൽ എസ്‌ഐടി ഇതുവരെ രേഖപ്പെടുത്തിയത് 202 സാക്ഷിമൊഴികളാണെന്നും 16 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only