മുക്കം: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതിപ്പെട്ട് യുവാവ് വിദ്യാഭ്യാസ കൺസൾട്ടൻസിക്ക് മുൻപിൽ ആത്മഹത്യാ ഭീഷണി മുഴക്കി. പേരാമ്പ്ര മുതുകാട് സ്വദേശി ജോഷിയാണ് മുക്കത്തെ 'ഗ്രേസ് എഡ്യൂക്കേഷൻ കൺസൾട്ടൻസി' എന്ന സ്ഥാപനത്തിന് മുന്നിൽ കയ്യിൽ പെട്രോളുമായി പ്രതിഷേധിച്ചത്.
ഇസ്രായേൽ വിസയ്ക്കായി അഞ്ചര ലക്ഷം രൂപയാണ് ഏജൻസി ആവശ്യപ്പെട്ടതെന്ന് ജോഷി പറയുന്നു. ഇതിൽ 3.35 ലക്ഷം രൂപ പലതവണകളായി കൈമാറി. ഇതിന് പകരമായി ഏജൻസി ചെക്ക് നൽകിയിരുന്നു. കൂടാതെ മെഡിക്കൽ പരിശോധനകൾക്കും മറ്റ് നടപടികൾക്കുമായി ഒന്നര ലക്ഷത്തോളം രൂപ വേറെയും ചിലവായതായും ഇയാൾ പറഞ്ഞു. വിസ ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും ഏജൻസി അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നു.
ജോഷിയെ കൂടാതെ നിരവധി പേർ ഈ സ്ഥാപനത്തിനെതിരെ വഞ്ചനാ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനി വിദ്യ രാജൻ (1.10 ലക്ഷം രൂപ), ജിനു ജിജോ (2.40 ലക്ഷം രൂപ), പേരാമ്പ്ര സ്വദേശി റെനീഷ് എന്നിവരും സമാനമായ രീതിയിൽ പണം നൽകി വഞ്ചിതരായതായി ആരോപിച്ചു. പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഏജൻസി പലതവണ തങ്ങളെ പറ്റിച്ചതായും ഇവർ പറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് യുവാവുമായി സംസാരിക്കുകയും സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Post a Comment