മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനം തകർന്ന് മരിച്ചുവെന്ന വാർത്ത നടുക്കത്തോടെയാണ് രാജ്യം കേട്ടത്. ബാരാമതിയിൽ അടിയന്തര ലാൻഡിങ്ങിനിടെയാണ് വിമാനം തകർന്ന് വീണ് പൂർണമായും കത്തിയമർന്നത്.
ബുധനാഴ്ച രാവിലെ 08:10-ന് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം 08:49-ഓടെയാണ് അപകടത്തിൽ പെട്ടത്.
ചാർട്ടർ ചെയ്‌ത ചെറുവിമാനത്തിലാണ് അജിത് പവാർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ചിരുന്നത്. ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്സ് എന്ന സ്വകാര്യ ഏവിയേഷൻ സ്ഥാപനത്തിന്റെ വിമാനമാണ് തകർന്നുവീണത്. ലിയർജെറ്റ് 45 എന്ന മോഡൽ വിമാനമാണ് അപകടത്തിൽ പെട്ടത്. ആരാണ് വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് എന്ന ചോദ്യമാണ് ഈ സാഹചര്യത്തിൽ എല്ലാവരുടേയും മനസിൽ ഉയർന്നത്.
അജിത് പവാറിനേയും വഹിച്ചുകൊണ്ടുള്ള വിമാനത്തിന്റെ ഫസ്റ്റ് ഓഫീസർ അഥവാ പ്രധാന പൈലറ്റായിരുന്നത് ക്യാപ്റ്റൻ ശാംഭവി പതക് ആണ്. അപകടത്തിൽ ഇവരും തൽക്ഷണം മരിച്ചിരുന്നു. ഒരു സൈനികോദ്യോഗസ്ഥൻ്റെ മകളാണ് ഡൽഹി സ്വദേശിനിയായ ഈ യുവ പൈലറ്റ്. 1500 മണിക്കൂറോളം വിമാനം പറത്തി പരിചയമുണ്ട് ശാംഭവിക്ക്.
ന്യൂഡൽഹിയിലെ എയർ ഫോഴ്സ് ബൽ ഭാരതി സ്കൂളിൽ 2016-2018 വർഷമാണ് ശാംഭവി പതക് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇതിന് ശേഷം ന്യൂസിലൻഡ് ഇന്റർനാഷണൽ കൊമേഴ്സ്യൽ പൈലറ്റ് അക്കാദമിയിൽ നിന്ന് കൊമേഴ്സ്യൽ പൈലറ്റ് ട്രെയിനിങ്ങും ഫ്ളൈറ്റ് ക്രൂ ട്രെയിനിങ്ങും പൂർത്തിയാക്കി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എയ്റോനോട്ടിക്‌സ്, ഏവിയേഷൻ ആൻഡ് എയ്റോസ്പേസിൽ ബിഎസ്സി ബിരുദവും ശാംഭവി നേടിയിട്ടുണ്ട്.
മധ്യപ്രദേശ് ഫ്ളൈയിങ് ക്ലബ്ബിലെ അസിസ്റ്റന്റ് ഫ്ളൈയിങ് ഇൻസ്ട്രക്ടർ കൂടിയാണ് ക്യാപ്റ്റൻ ശാംഭവി പതക്. ഫ്ളൈറ്റ് ഇൻസ്ട്രക്‌ടർ റേറ്റിങ്ങും (എ) ഇവർക്കുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് ഫ്രോസൻ എയർലൈൻ ട്രാൻസ്പോർട്ട് ലൈസൻസ് അഥവാ എടിപിഎൽ സ്വന്തമാക്കിയ ശാംഭവി പതക്കിന് വ്യോമയാാന മേഖലയിലെ ഒട്ടേറെ സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്.
സ്പൈസ്ജെറ്റ് ലിമിറ്റഡിൻ്റെ ഏവിയേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് (2022 മാർച്ച്), ജോർദാൻ എയർലൈൻ ട്രെയിനിങ് ആൻഡ് സിമുലേഷനിൽ നിന്ന് എ320 വിമാനങ്ങൾക്കായുള്ള ജെറ്റ് ഓറിയന്റേഷൻ ട്രെയിനിങ് (2022 ഫെബ്രുവരി), ഡിജിസിഎയിൽ നിന്ന് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (2020 മേയ്), സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ന്യൂസിലൻഡിൽ നിന്ന് സിഎഎ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (2019 നവംബർ), ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ലെവൽ 6 എന്നിവയാണ് ക്യാപ്റ്റൻ ശാംഭവി പതകിന്റെ നേട്ടങ്ങൾ.
Post a Comment