Jan 4, 2026

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവിച്ച് യുവതി; സംഭവം കൊച്ചിയിൽ


കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളില്‍ പ്രസവിച്ച് യുവതി. ഞായറാഴ്ച്ച രാവിലെ 8.45ഓടെയായിരുന്നു സംഭവം. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിച്ചതായിരുന്നു കുടുംബം. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് പുറത്തുവന്ന് തുടങ്ങിയിരുന്നു. ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാല്‍ കാറിനുള്ളില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ അനീറ്റ മരിയ റെജി(21)യാണ് കാറില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അരൂരില്‍ എത്തിയതായിരുന്നു അനീറ്റയും കുടുംബവും. ജനുവരി 22നായിരുന്നു അനീറ്റയ്ക്ക് പ്രസവ തിയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രസവവേദന തുടങ്ങി. ഇതോടെ ഇവര്‍ അരൂരിലെ ഒരു ആശുപത്രിയിലെത്തി ചികിത്സ നടത്തിയിരുന്നു. വേദന കുറയുന്നതിനുള്ള മരുന്നുകള്‍ സ്വീകരിച്ച് മടങ്ങിയെങ്കിലും രാവിലെ എട്ട് മണിയോടെ വേദന ശക്തമായി. ഇതോടെ കുടുംബം എറണാകുളം വിപിഎസ് ലേക്ഷോറിലേക്ക് പുറപ്പെടുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ കാറില്‍ വെച്ച് കുഞ്ഞ് പുറത്തുവരികയായിരുന്നു. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only