തൃശ്ശൂർ : ആധാറിന്റെ ഔദ്യോഗികചിഹ്നമായ 'ഉദയ്'-യെ തിരഞ്ഞെടുത്തപ്പോൾ ചാലക്കുടി സ്വദേശി അരുൺ ഗോകുലിന് അഭിമാനനിമിഷം. ആധാറിന്റെ ഔദ്യോഗികചിഹ്നം രൂപകല്പന ചെയ്യുന്നതിനുള്ള ദേശീയതല മത്സരത്തിൽ 50,000 രൂപയുടെ ഒന്നാംസമ്മാനത്തിനാണ് ഈ യുവാവ് അർഹനായത്. മെക്കാനിക്കൽ എൻജിനീയറായ അരുൺ ആദ്യമായാണ് ഒരു ഡിസൈനിങ് മത്സരത്തിൽ പങ്കെടുക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ-യുടെ ചടങ്ങിൽ ചെയർമാൻ നീലകണ്ഠമിശ്ര ഔദ്യോഗിക ചിഹ്നം അനാവരണംചെയ്‌ത് വിജയികളെ അഭിനന്ദിച്ചു. മഹാരാഷ്ട്രയിലെ പുണെയിൽനിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാംസ്ഥാനവും ഉത്തർപ്രദേശിലെ ഗാസിപുരിൽനിന്നുള്ള കൃഷ്ണശർമ മൂന്നാംസ്ഥാനവും നേടി. ഔദ്യോഗികചിഹ്നത്തിന് പേര് നൽകുന്നതിനുള്ള മത്സരത്തിൽ ഭോപ്പാലിൽനിന്നുള്ള റിയ ജെയിൻ ഒന്നാംസ്ഥാനം നേടി. 'ഉദയ്' എന്നാണ് ആധാറിന്റെ ഔദ്യോഗികചിഹ്നത്തിന്റെ പേര്.
വെസ്റ്റ് ചാലക്കുടി കരൂർ റോഡിൽ തൈവളപ്പിൽ ടി.ആർ. ഉണ്ണികൃഷ്ണന്റെ്റെയും ശ്യാമളയുടെയും മകനാണ് അരുൺ ഗോകുൽ. കൊച്ചി ഗ്രീൻഫീൽഡ് ലോജിസ്റ്റിക്സ് എൽഎൽപിയിൽ ഡെപ്യൂട്ടി ഓപ്പറേഷണൽ മാനേജരാണ്.
ആധാർസേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ ലളിതമാക്കുന്നതിനാണ് യുണീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഔദ്യോഗികചിഹ്നം പുറത്തിറക്കിയത്. സിഇഒ ഭുവ്നേഷ്‌കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിവേക് സി. വർമ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Post a Comment