തിരുവനന്തപുരം : കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനിടെ കുടിവെള്ളത്തിന് കഴുത്തറുപ്പൻ വില ഈടാക്കിയെന്ന് പരാതി . 20 രൂപയുടെ കുപ്പി വെള്ളത്തിന് 200 രൂപ വരെ ഈടാക്കിയെന്നാണ് പരാതി. കരാർ കമ്പനിക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ബിസിസിഐക്ക് പരാതി നൽകി. കരാർ തുകയുടെ പല മടങ്ങ് ഈടാക്കിയെന്നും ഹരിതചട്ടത്തിന് വിരുദ്ധമായി കുപ്പിവെള്ളം വിറ്റെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കമ്പനിയോട് ബിസിസിഐ വിശദീകരണം തേടും.
ബിസിസിഐയുമായി ബവ്റിജസ് പാർട്നർ കരാറുള്ള കമ്പനിക്കാണ് രാജ്യത്തെ രാജ്യാന്തര മത്സര വേദികളിലെല്ലാം കുടിവെള്ള വിൽപനയ്ക്ക് അവകാശം. കാര്യവട്ടത്ത് കോളയടക്കം പേപ്പർ കപ്പുകളിൽ വിതരണം ചെയ്യാനായിരുന്നു അനുമതി. 200 മില്ലി ലീറ്റർ വെള്ളത്തിന് 10 രൂപയും 250 മില്ലി ലീറ്റർ എനർജി ഡ്രിങ്കിനും കോളയ്ക്കും 50 രൂപയുമായിരുന്നു വില.
വിലവിവരപ്പട്ടിക സ്റ്റാളിൽ പ്രദർശിപ്പിക്കാതെയാണ് ഒരു ഗ്ലാസ് വെള്ളത്തിന് 50 രൂപ വരെ ഈടാക്കിയത്. കുപ്പിവെള്ളം വിൽക്കാൻ പാടില്ലെന്നിരിക്കെ 10 രൂപ എംആർപിയുള്ള അര ലീറ്റർ 100 രൂപയ്ക്കും 20 രൂപ എംആർപിയുള്ള ഒരു ലീറ്റർ 200 രൂപയ്ക്കും വരെ വിറ്റതായും പരാതിയുണ്ട്. സൗജന്യ കുടിവെള്ളത്തിനായി 20 ലീറ്റർ കാനുകൾ ഗാലറിയുടെ വിവിധ ഭാഗങ്ങളിലായി കെസിഎ സ്ഥാപിച്ചിരുന്നു. ഇതും ഇതേ കമ്പനിയിൽ നിന്നാണ് വാങ്ങിയത്. എന്നാൽ 40,000ൽ ഏറെ കാണികൾക്ക് ഇത് മതിയായില്ല. ആവശ്യമേറിയതോടെ കൊള്ളവിലയ്ക്ക് വിൽപന നടത്തുകയായിരുന്നു.
ഭക്ഷണത്തിന് കുടുംബശ്രീയും മിൽമയും ഉൾപ്പെടെ 10 ഏജൻസികൾക്ക് കെസിഎ സ്വന്തം നിലയ്ക്ക് കരാർ നൽകുകയായിരുന്നു. അതുമായി ബന്ധപ്പെട്ട് പരാതി വന്നിട്ടില്ലെന്നും കെസിഎ പ്രസിഡന്റ് ശ്രീജിത്ത് നായർ പറഞ്ഞു. മുൻപ് വെള്ളത്തിന്റെ കരാറും കെസിഎ സ്വന്തം നിലയ്ക്ക് നൽകുകയായിരുന്നു. സ്റ്റേഡിയത്തിലെ പല ശുചിമുറികളും അറ്റകുറ്റപ്പണി ചെയ്യാതെ വൃത്തികേടായിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾക്കുള്ള അവകാശം ഇല്ലെന്നും സ്റ്റേഡിയം ഉടമകളാണ് അത് ചെയ്യേണ്ടതെന്നുമാണ് കെസിഎയുടെ വാദം.
Post a Comment