Feb 26, 2026

നിർമാതാക്കൾക്ക് തിരിച്ചടി; ‘കേരളാ സ്റ്റോറി 2' റിലീസ് തടഞ്ഞ് ഹൈക്കോടതി, രണ്ടാഴ്ച്ചത്തേക്ക്


കൊച്ചി: വിവാദമായ 'കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന് സ്റ്റേ. രണ്ടാഴ്ചത്തേക്ക് റിലീസ് പാടില്ലെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു.
വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്.

സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാർ മുന്നോട്ടുവെച്ച ആശങ്കകളിൽ ഉചിതമായ തീരുമാനം ബോർഡ് സ്വീകരിക്കണം.

ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫിന്റെ ബെഞ്ചാണ് ചിത്രത്തിൻ്റെ റിലീസ് തടഞ്ഞത്. കേസ് അടിയന്തരമായി കേൾക്കണമെന്ന് നേരത്തേ കോടതിയിൽ നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയ കോടതി വ്യാഴാഴ്‌ച ഉച്ചയോടെ കേസിൽ ഇടക്കാല ഉത്തരവിറക്കുകയായിരുന്നു.


വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കപ്പെടുന്നതിൻ്റെ കഥ പറയുന്ന സിനിമയ്ക്ക് 'കേരള സ്റ്റോറി 2 ഗോസ് ബിയോൺഡ്' എന്നു പേരിട്ടത് ചോദ്യംചെയ്തായിരുന്നു ഹർജി. കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമ എന്ന ഹർജിക്കാരുടെ വാദം കണക്കിലെടുത്ത് സിനിമ കാണാൻ കോടതി കഴിഞ്ഞദിവസം താത്പര്യപ്പെട്ടിരുന്നു. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയതിനാൽ ഇക്കാര്യത്തിൽ പരിശോധന ആവശ്യമില്ലെന്ന നിലപാടാണ് നിർമാതാക്കൾ സ്വീകരിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകിയതിൽ തെറ്റുണ്ടെന്ന തർക്കം ഹർജിക്കാർ ഉന്നയിച്ചിട്ടില്ലെന്നും നിർമാതാവ് വിപുൽ അമൃതലാൽ ഷാ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.

ടീസറിലുള്ളതൊന്നും സിനിമയിൽ ഇല്ലെന്ന് നിർമാതാവിനായി ഹാജരായ സീനിയർ അഭിഭാഷകൻ എസ്. ശ്രീകുമാർ വാദിച്ചു. യഥാർഥസംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമ എന്ന് നിർമാതാക്കൾതന്നെ പുറയുന്നതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. ടീസറും ട്രെയിലറും തെറ്റിദ്ധരിപ്പിക്കുന്നതാണ്. തിയേറ്ററിൽ കാണിക്കാനാകാത്തതാണ് ടീസറായും ട്രെയിലറായും വന്നത്

-ഹർജിക്കാരനുവേണ്ടി അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്ഡെ വാദിച്ചു. മലയാളിയുടെ ഖ്യാതിയെ ബാധിക്കുന്നതാണ് സിനിമ. കേരളത്തിൽ താമസിക്കുന്ന ആൾ എന്ന നിലയിൽ സിനിമയെ കോടതിയിൽ ചോദ്യംചെയ്യാനാകുമെന്നും ഹർജിക്കാർ വിശദീകരിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only