മുക്കം തൃക്കുടമണ്ണ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആരംഭിച്ച കാർണിവലിന് മുക്കം ഓർഫനേജ് കമ്മിറ്റി വിട്ടു നൽകിയ സ്ഥലത്ത് അമ്യുസ്മെന്റ് പാർക്ക് സജ്ജമാക്കിയപ്പോൾ
മുക്കം∙ പ്രസിദ്ധമായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള കാർണിവലിന് സ്ഥലം വിട്ടു നൽകി മുക്കം അനാഥശാല കമ്മിറ്റി. ശിവരാത്രി ഫെസ്റ്റിന്റെ ഭാഗമായി അമ്യുസ്മെന്റ് പാർക്ക് ഉൾപ്പെടെ സജ്ജീകരിക്കുന്നതിനാണ് ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ഒഎസ്എ ഓഡിറ്റോറിയത്തിന്റെ മുൻവശം വിട്ടു നൽകിയത്. മുക്കത്തിന്റെ മതസൗഹാർദ മനസ്സിന് മാറ്റുകൂട്ടുന്നതാണ് ഈ തീരുമാനമെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്കു മുൻപ് തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് റോഡ് നിർമിക്കുന്നതിനായി സ്വന്തം സ്ഥലം സൗജന്യമായി വിട്ടു നൽകിയത് അനാഥശാല സ്ഥാപകനും ജനറൽ സെക്രട്ടറിയുമായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയായിരുന്നു. തൃക്കുടമണ്ണ ശിവരാത്രി ഉത്സവത്തിനുള്ള ശബ്ദവും വെളിച്ചവും വർഷങ്ങളോളം സ്പോൺസർ ചെയ്തിരുന്നത് താഴക്കോട് ജുമുഅത്ത് പള്ളി കമ്മിറ്റി ഭാരവാഹിയും ഓർഫനേജ് സിഇഒയുമായ വി.അബ്ദുല്ലക്കോയ ഹാജിയാണ്.
മുക്കം താഴക്കോട് ജുമുഅത്ത് പള്ളിയുടെ പുനർനിർമാണത്തിന് ശ്രമദാനം നടത്തി ക്ഷേത്രം ഭാരവാഹികളും സൗഹൃദവും സാഹോദര്യവും ദൃഢമാക്കുകയും ചെയ്തിരുന്നു. ശിവരാത്രി നാളിൽ ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് വരുന്ന ഭക്തർക്ക് രാവിലെ മുതൽ വത്തക്ക വെള്ളം ഉൾപ്പെടെ വിതരണം ചെയ്തും ഇതര മതസ്ഥർ സൗഹൃദം നിലനിർത്തുന്നു. കൊടിയേറ്റിനു മുൻപുതന്നെ ഇക്കുറി ശിവരാത്രി ഫെസ്റ്റിന് തുടക്കം കുറിച്ചിരിക്കയാണ്. കൊടിയേറ്റം കഴിഞ്ഞ് ശിവരാത്രി നാൾ വരെ വൈവിധ്യമാർന്ന പരിപാടികളുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചാണ് ഇത്തവണത്തെ ശിവരാത്രി ഫെസ്റ്റ്. എസ്കെ പൊറ്റക്കാടിന്റെ നാടൻ പ്രേമത്തിലൂടെ പ്രസിദ്ധമായ ഇരുവഞ്ഞിപ്പുഴയുടെ ഗ്രാമീണ സൗന്ദര്യം ആസ്വദിച്ച് ബോട്ട് സർവീസും ആരംഭിച്ചു.
തൃക്കുടമണ്ണ ക്ഷേത്രം കടവിൽ നിന്നാണ് ബോട്ട് സർവീസ് നടത്തുന്നത്. ഇരുവഞ്ഞിപ്പുഴയുടെ മധ്യത്തിലുള്ള ക്ഷേത്രത്തിൽ ഭക്തർക്ക് എത്തുന്നതിന് പുഴയിൽ നടപ്പാലങ്ങളും നിർമിച്ചു കഴിഞ്ഞു.
ബോട്ട് സർവീസ് നഗരസഭ കൗൺസിലർ സജീഷ് വായലത്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുഹറ വഹാബ് മുഖ്യാതിഥിയായി. ഉത്സവ കമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾകുന്നുമ്മൽ, ജനറൽ കൺവീനർ വിജയൻ നടുത്തൊടുകയിൽ, ട്രഷറർ പ്രജിത പ്രദീപ്, ക്ഷേത്രം പ്രസിഡന്റ് രാജേഷൻ വെള്ളാരംകുന്നത്ത്, ജനറൽ സെക്രട്ടറി ശശി ഊരാളിക്കുന്നത്ത്, മുൻ കൗൺസിലർ അശ്വതി സനൂജ്, ബാബു വെള്ളാരം കുന്നത്ത്, സുധാകരൻ പണിക്കർ, സുൽഫീക്കർ കൈരളി, എം.ശശി, എലൈൻ ക്രൂയിസ് ഗ്രൂപ്പിലെ കെ.ആർ.അനിൽ കുമാർ, പി.റജി എന്നിവർ പ്രസംഗിച്ചു.
*ഇന്നാണ് കൊടിയേറ്റം.*
അഗസ്ത്യൻമൂഴി തിരുവഞ്ചൂഴി ക്ഷേത്രത്തിൽ നിന്നുള്ള വരവ് തൃക്കുടമണ്ണ ക്ഷേത്രത്തിലെത്തി രാത്രി 9.30 നും 10.30 നും ഇടയിലാണ് കൊടിയേറ്റം. ക്ഷേത്രം തന്ത്രി കിഴക്കുംപാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് കൊടിയേറ്റം നിർവഹിക്കും. സർപ്പബലിയും നടത്തും.

Post a Comment