സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും, ചായ, കാപ്പി, മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, കിടപ്പുരോഗികൾ എന്നിവർക്ക് ഉച്ചവെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. സ്കൂളുകളിൽ കുട്ടികൾക്കായി കുടിവെള്ള ലഭ്യതയും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലത്ത് നടത്തുന്ന അസംബ്ലികളും വിനോദയാത്രകളും ഉച്ചസമയത്ത് ഒഴിവാക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം. അംഗനവാടി കുട്ടികൾക്കും ശാരീരിക അവശതയുള്ളവർക്കും ചൂട് ഏൽക്കാത്ത വിധം തദ്ദേശസ്ഥാപനങ്ങളും ജീവനക്കാരും ക്രമീകരണങ്ങൾ ഒരുക്കേണ്ടതാണ്. മാധ്യമപ്രവർത്തകർ, പോലീസുകാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർക്ക് ജോലിയിടങ്ങളിൽ ആവശ്യമായ വിശ്രമവും കുടിവെള്ളവും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
കർഷകത്തൊഴിലാളികൾ, നിർമ്മാണത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ എന്നിവർ തങ്ങളുടെ ജോലി സമയം ഉച്ചവെയിൽ ഒഴിവാക്കുന്ന രീതിയിൽ ക്രമീകരിക്കേണ്ടതാണ്. പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ തണലും കുടിവെള്ളവും ഉറപ്പാക്കണമെന്നും കഴിയുന്നതും സമ്മേളനങ്ങൾ വൈകുന്നേരത്തേക്ക് മാറ്റണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും ഉച്ചസമയത്ത് വെയിലത്ത് കെട്ടിയിടരുത്. യാത്രക്കാർ എപ്പോഴും കയ്യിൽ കുടിവെള്ളം കരുതണമെന്നും പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
ചൂട് കൂടുന്നതിനാൽ മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലായതിനാൽ കൃത്യമായ ഫയർ ഓഡിറ്റും മുൻകരുതലും സ്വീകരിക്കണം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ പടരാതിരിക്കാൻ ജാഗ്രത പാലിക്കണം. ജലം പാഴാക്കാതെ ഉപയോഗിക്കണമെന്നും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും അതോറിറ്റി വ്യക്തമാക്കി.
Post a Comment