കാസര്‍കോഡ്: മോഷണ പരാതിയിൽ പേര് പരാമർശിച്ചതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കിയതായി പരാതി. കാസർകോട് ആലമ്പാടി നാൽത്തടുക്കയിലെ ജസീലയാണ് മരിച്ചത്. അടുത്തിടെ ഉണ്ടായ സ്വർണ മോഷണ പരാതിയിലാണ് ജസീലയുടെ പേരുണ്ടായിരുന്നത്. സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കേസ് രജിസ്ട്രർ ചെയ്തിരുന്നില്ല.ഒമ്പതര പവൻ സ്വർണം വീട്ടിൽ നിന്ന് നഷ്ടമായെന്നാണ് ജസീലയുടെ കൂട്ടുകാരി നൽകിയ പരാതി.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ജസീലയുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ജസീല ചികിത്സയിലിരിക്കെ മരിക്കുന്നത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറേ അനുഭവിച്ചെന്നും സ്വർണം ഞാനെടുത്തിട്ടില്ലെന്നും ജസീല മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വിഡിയോയിൽ പറയുന്നു.
അങ്ങനെ ഒരു സ്വർണത്തെകുറിച്ച് അറിയുക പോലുമില്ല. എന്നെക്കുറിച്ച് അനാവശ്യങ്ങള്‍ പറഞ്ഞുപരത്തി, വീട്ടിൽ വന്ന് വഴക്കുണ്ടാക്കി.വീട്ടിലാര്‍ക്കും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പൊലീസിൽ പരാതി നൽകാൻ പോയപ്പോഴും പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും,താൻ തന്നെയാണ് കുറ്റക്കാരി എന്ന രീതിയിലാണ് പൊലീസുകാർ സംസാരിച്ചതെന്നും ജസീല വിഡിയോയിൽ പറയുന്നു. സംഭവത്തില്‍ പൊലീസിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment