ദില്ലി: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകി. പൗരൻമാർ സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പൗരൻമാർ എവിടെയാണോ തങ്ങുന്നത് അവിടെ തുടരാനും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കാണാനുമാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്. അടിയന്തര ആവശ്യം വന്നാൽ വിളിക്കാനുള്ള നമ്പറുകളും നൽകിയിട്ടുണ്ട്. ഇറാനിൽ നിന്ന് എല്ലാ ഇന്ത്യക്കാരും ഒഴിഞ്ഞുപോവണമെന്ന് നേരത്തെ തന്നെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി എത്തിയ വിദ്യാർത്ഥികൾ ഉൾപ്പെടെ ഇറാനിലുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് എംബസി. ഇസ്രയേലിൽ 32,000ഉം, ഇറാനിൽ പതിനായിരത്തോളവും ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരങ്ങൾ.
ലോകത്തെ ഞെട്ടിച്ച് ഇറാനെ ആക്രമിച്ച് ഇസ്രയേൽ
ലോകത്തെ ഞെട്ടിച്ച് ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ടെഹ്റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
സുപ്രധാന അറിയിപ്പ്, ഇറാനിലേക്കുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ, തീരുമാനം വ്യക്തമാക്കി കുവൈത്ത്
Post a Comment