കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതായി സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ വർഷം ആദ്യ രണ്ട് മാസത്തിനുള്ളിൽ മാത്രം സംസ്ഥാനത്ത് 380 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. സ്വന്തം വീടുകളിൽ പോലും ആൺ-പെൺ ഭേദമില്ലാതെ കുട്ടികൾ സുരക്ഷിതരല്ലെന്ന ഞെട്ടിപ്പിക്കുന്ന വസ്‌തുതയിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മലപ്പുറം ജില്ലയാണ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഈ വർഷം ആദ്യ രണ്ട് മാസത്തിനിടെ മലപ്പുറത്ത് 46 കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ, കോഴിക്കോട് റൂറലിൽ 35-ഉം പാലക്കാട് 26-ഉം കേസുകൾ വീതം രേഖപ്പെടുത്തി.
കഴിഞ്ഞ വർഷത്തെ (2025) കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 4,753 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 465 കേസുകളുമായി മലപ്പുറം തന്നെയായിരുന്നു മുന്നിൽ. തിരുവനന്തപുരം റൂറലിൽ 458 കേസുകളും എറണാകുളം റൂറലിൽ 288 കേസുകളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തുതു. മുൻ വർഷങ്ങളിലും സമാനമായ സാഹചര്യം തന്നെയാണ് നിലനിന്നിരുന്നത്. 2024-ൽ ആകെ 4,594 കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ മലപ്പുറത്ത് മാത്രം 504 കേസുകൾ ഉണ്ടായിരുന്നു. 2023-ൽ 4,641 കേസുകളും 2022-ൽ 4,518 കേസുകളുമാണ് സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത്. ഈ വർഷങ്ങളിലെല്ലാം 500-ലധികം കേസുകളുമായി മലപ്പുറം ജില്ല പട്ടികയിൽ ഒന്നാമതായി തുടർന്നു. ഓരോ വർഷവും തിരുവനന്തപുരം റൂറലും എറണാകുളം റൂറലുമാണ് കേസുകളുടെ എണ്ണത്തിൽ തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന മേഖലകൾ.
Post a Comment