കോടഞ്ചേരി: ജിയുപിഎസ് ചെമ്പുകടവിൽ ഈ അധ്യായന വർഷത്തെ കുട്ടികളുടെ വിവിധ പഠന മികവുകൾ പ്രദർശിപ്പിക്കുന്നതിനായി പഠനോത്സവം ആഘോഷപൂർവ്വം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ക്ലാസ് റൂം പ്രവർത്തനാവതരണം, വൈവിധ്യമാർന്ന പഠനോപകരണങ്ങളുടെ പ്രദർശനം, കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയ ലേണിംഗ് ഗെയിംസ് എന്നിവ നടന്നു.
കൂടാതെ, പഞ്ചായത്ത്, സബ്‌ജില്ല, ജില്ല തല മത്സരങ്ങളിലൂടെ കുട്ടികൾ നേടിയ സർട്ടിഫിക്കറ്റുകളുടെ പ്രദർശനവും ഒരുക്കി.
പരിപാടിയുടെ ഉദ്ഘാടനം ബി.ആർ.സി കോഡിനേറ്റർ
ലിൻസി നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിൽ ഇത്തരം പഠനോത്സവങ്ങൾക്ക് ഉള്ള പ്രാധാന്യം അവർ എടുത്തുപറഞ്ഞു.
ഇതോടൊപ്പം, കുട്ടികൾക്ക് നാസിക് ഡോൾ പരിശീലനം നൽകുന്നതിനായി പുതുതായി ലഭിച്ച ഉപകരണങ്ങളുടെ പരിശീലന ഉദ്ഘാടനം സ്കൂൾ പ്രധാന അധ്യാപകൻ സുരേഷ് തോമസ് നിർവഹിച്ചു.
പരിപാടിയിൽ ജിയുപിഎസ് ചെമ്പുകടവിന്റെ ഔദ്യോഗിക ജേഴ്സിയുടെ പ്രകാശനവും നടന്നു. ചെമ്പുകടവ് ബെറ്റാലിയൻസ് ക്ലബ് സെക്രട്ടറി ശരത്ത് സി.എസ് , സ്കൂൾ സ്പോർട്സ് കൺവീനർക്ക് ജേഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു.ബെറ്റാലിയൻസ് ക്ലബ്ബ് വിദ്യാർത്ഥികൾക്കായി നൽകിയ സ്പോർട്സ് കിറ്റ് സ്കൂൾ ലീഡർ ഏറ്റുവാങ്ങി.
അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒരുമിച്ചുകൂടിയ ഈ പഠനോത്സവം, കുട്ടികളുടെ സമഗ്ര വികസനത്തിനും ആത്മവിശ്വാസ വർധനയ്ക്കും വലിയൊരു വേദിയായി മാറി. സ്കൂളിന്റെ അക്കാദമികവും സഹപാഠ്യവുമായ നേട്ടങ്ങൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഈ പരിപാടി മികച്ച അവസരമായി.
Post a Comment