Mar 19, 2026

ചുമലിലേറ്റുന്നത് കനത്ത സിലിണ്ടറുകൾ മാത്രമല്ല; അവഗണനയുടെ ഭാരവും: ഗ്യാസ് വിതരണ തൊഴിലാളികൾ ദുരിതത്തിൽ


കൊടും ചൂടിലും പെരുമഴയത്തും വീടുകളിലേക്ക് പാചകവാതകമെത്തിക്കുന്ന വിതരണ തൊഴിലാളികൾ കടുത്ത തൊഴിൽ ചൂഷണത്തിന് ഇരയാകുന്നതായി റിപ്പോർട്ട്. 

സർക്കാർ നിശ്ചയിച്ച മിനിമം വേതനം പോലും ലഭിക്കാതെയും, പുതിയ പരിഷ്കാരങ്ങൾ ജോലിഭാരം വർദ്ധിപ്പിച്ചതും ഇവരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്.

ജില്ലയിലെ ചില ഗ്യാസ് ഏജൻസികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സർക്കാർ അംഗീകരിച്ച മിനിമം വേതനം പോലും ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി.

നിശ്ചിത ശമ്പളത്തിന് പകരം ഓരോ സിലിണ്ടർ വിതരണം ചെയ്യുമ്പോഴും ലഭിക്കുന്ന ചെറിയൊരു തുക ഇൻസെന്റീവ് മാത്രമാണ് പലർക്കും ഉപജീവനമാർഗ്ഗം.

പുലർച്ചെ ലോഡ് ഇറക്കുന്നത് മുതൽ രാത്രി വൈകി വിതരണം കഴിയുന്നത് വരെ ജോലി ചെയ്യേണ്ടി വരുന്ന ഇവർക്ക് ഓവർടൈം ആനുകൂല്യങ്ങളോ ഇതര ക്ഷേമ പദ്ധതികളോ ലഭിക്കുന്നില്ല.

വിതരണം സുതാര്യമാക്കാൻ കമ്പനികൾ കൊണ്ടുവന്ന ഡിജിറ്റൽ ഒ.ടി.പി സംവിധാനം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്.

പലപ്പോഴും ഉപഭോക്താക്കളുടെ ഫോണിൽ ഒ.ടി.പി ലഭിക്കാത്തതും, നെറ്റ്‌വർക്ക് റേഞ്ച് ഇല്ലാത്തതും കാരണം ഒരു സിലിണ്ടർ നൽകാൻ പത്തും പതിനഞ്ചും മിനിറ്റുകൾ അധികമായി ചിലവഴിക്കേണ്ടി വരുന്നു.

ഒ.ടി.പി ലഭിക്കാത്ത സാഹചര്യത്തിൽ സിലിണ്ടർ തിരികെ കൊണ്ടുപോകേണ്ടി വരുന്നത് ഇവരുടെ സമയവും ഇന്ധനവും നഷ്ടപ്പെടുത്തുന്നു. കൃത്യസമയത്ത് ഡെലിവറി പൂർത്തിയാക്കാൻ കഴിയാത്തത് വലിയ മാനസിക സമ്മർദ്ദമാണ് ഇവരിൽ ഉണ്ടാക്കുന്നത്.

30 കിലോയോളം ഭാരമുള്ള സിലിണ്ടറുകൾ ഫ്ലാറ്റുകളിലെയും വീടുകളിലെയും പടികൾ കയറ്റി എത്തിക്കുന്നത് ഇവരുടെ ശാരീരികാരോഗ്യത്തെ സാരമായി ബാധിക്കുന്നു.

നടുവേദന, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ, തോൾ വേദന എന്നിവ ഇവരിൽ നിത്യസംഭവമാണ്. ശാരീരികമായി ഇത്രയധികം ആയാസം അനുഭവിക്കുന്ന ഇവർക്ക് വേണ്ടത്ര ചികിത്സാ പരിരക്ഷയോ ഇൻഷുറൻസോ ഏജൻസികൾ നൽകുന്നില്ല.
ടാർഗെറ്റ് പൂർത്തിയാക്കാനുള്ള നെട്ടോട്ടവും ഉപഭോക്താക്കളിൽ നിന്നുള്ള മോശം പെരുമാറ്റവും ഇവരെ മാനസികമായി തളർത്തുന്നു.

"ഒരു സിലിണ്ടർ നൽകുമ്പോൾ ലഭിക്കുന്ന ചെറിയ തുക കൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല. അതിനിടയിലാണ് പുതിയ ഓരോ നിയമങ്ങൾ വരുന്നത്. ജോലി ഭാരം കൂടുമ്പോഴും ഞങ്ങളുടെ വയറു നിറയുന്നില്ല," - ഒരു വിതരണ തൊഴിലാളി പരിഭവം പങ്കുവെച്ചു.പെരുന്നാൾ പോലും ആഘോഷിക്കാർ ഏറെ പ്രയാസപ്പെടുകയാണെന്ന് മറ്റൊരു തൊഴിലാളിയുടെ പ്രതികരണം.

അനുകൂലമായ തൊഴിൽ സാഹചര്യവും അർഹമായ വേതനവും ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഈ മേഖലയിലെ തൊഴിലാളികളുടെ ആവശ്യം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only